അപമാനപ്പെടുത്തിയതിന് ശേഷം ഖേദപ്രകടനം നടത്തുന്നത് കൊണ്ട് കാര്യമില്ല; പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് തകര്‍ത്ത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാരുടെ മുമ്പില്‍ കേരളത്തെ അപമാനപ്പെടുത്തിയതിന് ശേഷം ഖേദപ്രകടനം നടത്തുന്നത് കൊണ്ട് കാര്യമില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് എങ്ങും പ്രവര്‍ത്തകരുള്ള വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. അതിന്റെ ഉന്നതനായ നേതാവും എം.പിയുമായ രാഹൂല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ക്കുന്നത് ദേശീയതലത്തില്‍ നല്‍കുന്ന സന്ദേശം എന്താണെന്ന് സി.പി.എം നേതൃത്വം ചിന്തിക്കണം. ചെയ്യാനുള്ളതെല്ലാം ചെയ്തിട്ട് സംഘടനക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


രാഹുല്‍ഗാന്ധിയെ ബി.ജെ.പി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന ആശങ്ക ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് മുഴുവനുണ്ട്. അടുത്തുതന്നെ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അഖിലേന്ത്യാ തലത്തില്‍ ജനാധിപത്യ, മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കേണ്ട സാഹചര്യം ചര്‍ച്ച ചെയ്യുന്ന ഘട്ടത്തിലാണ് ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍.
ബഫര്‍സോണുമായി ബന്ധപ്പെട്ട വിഷയത്തില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്കും സി.പി.എമിനുമാണ് കൂടുതല്‍ ഉത്തരവാദിത്വം. എം.പി എന്ന നിലക്ക് രാഹുല്‍ ഗാന്ധിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അദ്ദേഹം ചെയ്യുന്നുണ്ട്. വയനാട്ടില്‍ വളരെ ശാസ്ത്രീയമായാണ് അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.