ബലിപ്പെരുന്നാൾ: സൗദിയിലെ ബാങ്കുകൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
റിയാദ്: ബലിപ്പെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ബാങ്കുകൾ. ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫീസുകൾ, മണി എക്‌സ്‌ചേഞ്ച് സെന്ററുകൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്.

ബാങ്കുകളിൽ ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ഈദ് അവധി ആരംഭിക്കും. ജൂലൈ 12 വരെയായിരിക്കും അവധി. അവധിക്ക് ശേഷം 13-ാം തീയതി പ്രവർത്തനം പുനരാരംഭിക്കും. എന്നാൽ അവധി ദിനങ്ങളിലും ഹജ്ജ് തീർത്ഥാടകർക്കും മറ്റ് സന്ദർശകർക്കും സേവനം നൽകുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണൽ ശാഖകളും തുറന്ന് പ്രവർത്തിക്കും.