ആതവനാട് ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു



 ജില്ലാപഞ്ചായത്ത് ആതവനാട് ഡിവിഷനിലേക്ക് ഉപതെരഞ്ഞെടുപ്പ്  നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം വേണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ഥിച്ചു. കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത അംഗീകൃത രാഷ്ട്രീയകക്ഷിപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍. മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ യോഗത്തില്‍ വിശദീകരിച്ചു. ബ്ലോക്ക്-ജില്ലാപഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധകമാണ്.

ജൂലൈ 21ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ജൂണ്‍ 25നാണ് നിലവില്‍ വന്നത്. ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ജൂലൈ രണ്ട് ഉച്ചയ്ക്ക് മൂന്ന് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജൂലൈ നാലിന് സൂക്ഷ്മപരിശോധന. ജൂലൈ ആറിന് വൈകീട്ട് മൂന്നിന് മുന്‍പായി പത്രിക പിന്‍വലിക്കാം. 22നാണ് വോട്ടെണ്ണല്‍.  യോഗത്തില്‍ എ.ഡി.എം എന്‍.എം മെഹ്‌റലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. ഹരികുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.പി രമേഷ് (സി.പിഐഎം), നൗഷാദ് മണ്ണിശ്ശേരി (ഐ.യു.എം.എല്‍), വി. മധുസൂദനനന്‍ (ഐ.എന്‍.സി), എം.സി ഉണ്ണികൃഷ്ണന്‍  (എന്‍.സി.പി), പി.പി ഗണേഷന്‍ (ബി.ജെ.പി), എം.ജയരാജന്‍ (ആര്‍.എസ്.പി) എന്നിവര്‍ പങ്കെടുത്തു