കരിപ്പൂരിൽ ഇസ്തിരിപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

മലപ്പുറം: കസ്റ്റംസിൻ്റെ കണ്ണ് വെട്ടിച്ച് വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കടത്തിയ 92.144 ലക്ഷം രൂപ വിലവരുന്ന ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് പിടികൂടി. അബുദാബിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ എയര്‍ അറേബ്യാ എക്സ്പ്രസ്സില്‍ എയര്‍പോട്ടിലെത്തിയ വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദ് (40) ആണ് പിടിയിൽ ആയത്.

പിടിച്ചെടുത്ത സ്വർണത്തിന് 1.749.8 കിലോ തൂക്കം ഉണ്ട്. കരിപ്പൂരിൽ പോലീസിൻ്റെ കൂടി പരിശോധന കർശനമായതോടെ സ്വർണം കടത്താൻ കള്ളക്കടത്തുകാർ പല പുതിയ മാർഗങ്ങളും പരീക്ഷിക്കുകയാണ്. ഇസ്തിരി പ്പെട്ടിക്ക് ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം ആണ് പോലീസ് പിടികൂടിയത്.

ജീപാസ് കമ്പനിയുടെ ഹെവി വെയ്റ്റ് ഇസ്തിരിപെട്ടിക്കകത്ത് ഹീറ്റിംഗ് കോയിലിന്റെ കെയ്സിനകത്ത് സ്വര്‍ണ്ണം ഉരുക്കി ഒഴിച്ച് ഇരുമ്പിന്റെ ഷിറ്റ് വെച്ച് അടച്ച് വെല്‍ഡ് ചെയ്ത് ഭദ്രമാക്കിയ രൂപത്തിലാണ് സ്വര്‍ണ്ണം കടത്തി കൊണ്ട് വന്നത്. വെല്‍ഡ് ചെയ്ത ഭാഗങ്ങള്‍ വളരെ ഭംഗിയായി ഗ്രൈന്‍ഡ് ചെയ്തിട്ടുണ്ടായിരുന്നു. പ്രൊഫഷണല്‍ മികവോടെയാണ് വെല്‍ഡിംഗ് ജോലികള്‍ ചെയ്തിട്ടുള്ളത്. ഒറ്റ നോട്ടത്തില്‍ ഹീറ്റിംഗ് കോയില്‍ റിപ്ലെയ്സ് ചെയ്തതായി മനസ്സിലാവാത്ത രീതിയില്‍ വളരെ മികവോടെയാണ് സ്വര്‍ണ്ണം ഒളിപ്പിച്ചതായി കാണപ്പെട്ടത്.

മുസാഫിര്‍ അഹമ്മദിന് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് പരിശോധനയെ എളുപ്പത്തില്‍ അതിജീവിച്ച് എയര്‍പോര്‍ട്ടിന് പുറത്ത് കടക്കാനായെങ്കിലും പോലീസ് പിടികൂടി. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പുറത്ത് വല വിരിച്ച് കാത്ത് നിന്ന പോലീസ് സ്പെഷ്യല്‍ സ്ക്വാഡിനെ മറി കടക്കാൻ പക്ഷേ മുസാഫിറിന് കഴിഞ്ഞില്ല. സീറോ പോയ്ന്റില്‍ വെച്ച് മുസാഫിര്‍ അഹമ്മദിനെ കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്തു.

തന്റെ റൂം മേറ്റിന്റെ സുഹൃത്തായ കോഴിക്കോട് സ്വദേശിയായ ഒരു ഷഫീഖ് തന്റെ കയ്യില്‍ ഒരു ഇസ്തിരിപ്പെട്ടി തന്ന് വിട്ടിട്ടുണ്ട് എന്ന് മുസാഫിർ സമ്മതിച്ചു. അത് വീട്ടിലെത്തി ഷഫീഖിൻ്റെ ബന്ധു വാങ്ങികൊള്ളും എന്നാണ് പറഞ്ഞതെന്നും മുസാഫിർ പോലീസിനോട് പറഞ്ഞു. ശേഷം ഇസ്തിരിപ്പെട്ടി അഴിച്ച് വിശദമായി പരിശോധിച്ചതില്‍ ഹീറ്റിംഗ് കോയിലിന് ഭാരകൂടുതലുള്ളതായി കാണപ്പെട്ടു. തുടര്‍ന്ന് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കോയില്‍ നെടുകെ കീറി പരിശോധിച്ചതില്‍ അതിനകത്ത് സ്വര്‍ണ്ണം ഉരുക്കി ഒഴിച്ച് നിറച്ചതായി കാണപ്പെടുകയായിരുന്നു.

പുറത്തെടുത്ത സ്വര്‍ണ്ണത്തിന് കോയില്‍ കെയ്സിന്റെ അതേ രൂപമായിരുന്നു. ഇത് ആദ്യമായി ആണ് ഇത്തരത്തിൽ സ്വർണം കടത്തുന്നത് കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്ത് പൊലീസ് പിടികൂടിയ 42 -ാമത്തെ കേസാണിത്. ഇതിനോടകം 38 കിലോയിൽ അധികം സ്വർണം പോലീസ് പിടിച്ചിട്ടുണ്ട്. 18 കോടിയിൽ അധികം രൂപ മൂല്യം വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്.