വ്യാജ തിമിംഗല ഛർദ്ദിലിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; തിരൂർ സ്വദേശിയടക്കം അഞ്ചംഗ സംഘം മലപ്പുറത്ത് പിടിയിൽ
മലപ്പുറം: വ്യാജ തിമിംഗല ഛർദ്ദിലിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. കടലിൽ നിന്നും വളരെ അപൂർവ്വമായി മീൻപിടുത്തക്കാർക്കും മറ്റും ലഭിക്കുന്ന ആംബർഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദ്ദിൽ 45 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ച അഞ്ചംഗ സംഘം പിടിയിൽ. തിമിംഗല ഛർദ്ദിൽ മോഹവിലയ്ക്കെടുക്കാൻ വിദേശത്തും കേരളത്തിന് പുറത്തും ആളുകൾ ക്യൂ നിൽക്കുന്നതായും പൊലീസ് പറയുന്നു. മലപ്പുറം ജില്ലയിൽ വ്യാജ ആംബർഗ്രീസിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കണ്ണൂർ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ അഞ്ചു പേരാണ് മലപ്പുറം പൊലീസിന്റെ പിടിയിലായത്.
തട്ടിപ്പിനിരയായ പെരിന്തൽമണ്ണ സ്വദേശിയുടെ പരാതിയിൽ ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് മലപ്പുറം ഡിവൈഎസ്‌പി അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ സിഐ.ജോബി തോമസും പ്രത്യക സംഘവും നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം ബസ്സ്റ്റാൻഡ് പരിസരത്ത് വച്ച് ആറംഗസംഘത്തെ 25 കിലോയോളം വ്യാജ ആംബർഗ്രീസുമായി ആഡംബര കാർ സഹിതം പിടികൂടിയത്. മേലാറ്റൂർ എടയാറ്റൂർ സ്വദേശികളായ വെമ്മുള്ളി അബ്ദുൾറൗഫ്(40), വെമ്മുള്ളി മജീദ്(46), കണ്ണൂർ തളിപ്പറമ്പ് പൂമംഗലം സ്വദേശി വള്ളിയോട്ട് കനകരാജൻ(44),തിരൂർ പറപ്പൂർ സ്വദേശി പടിവെട്ടിപ്പറമ്പിൽ രാജൻ(48), ഒയൂർ സ്വദേശി ചിറ്റമ്പലം ജലീൽ (35), എന്നിവരെയാണ് മലപ്പുറം വച്ച് കസ്റ്റഡിയിലെടുത്തത്.
ഇരുപത്തഞ്ച് കിലോയോളം തൂക്കംവരുന്ന ആംബർഗ്രീസ് തങ്ങളുടെ കൈവശമുണ്ടെന്നും മാർക്കറ്റിൽ കിലോഗ്രാമിന് 45 ലക്ഷത്തോളം രൂപ വിലയുള്ളതായും പെരിന്തൽമണ്ണ സ്വദേശിയെ പറഞ്ഞ് വിശ്വസിപ്പിച്ച് അഡ്വാൻസായി പതിനായിരം രൂപവാങ്ങി ആറുകിലോയോളം വരുന്ന വ്യാജ ആംബർ ഗ്രീസ് കൈമാറുകയായിരുന്നു. ബാക്കി പണം സാധനം കൈമാറുമ്പോൾ കൊടുക്കാമെന്നായിരുന്നു വ്യവസ്ഥ.
പരാതിക്കാരൻ വിശദമായി പരിശോധിച്ചസമയത്താണ് സാധനം വ്യാജമാണെന്നും തട്ടിപ്പ് മനസിലാക്കി മലപ്പുറം സ്റ്റേഷനിൽ പരാതി കൊടുക്കുകയുമായിരുന്നു. കടലിൽ നിന്നും വളരെ അപൂർവ്വമായി മീൻപിടുത്തക്കാർക്കും മറ്റും ലഭിക്കുന്നതും ലക്ഷക്കണക്കിന് രൂപ മൂല്യമുള്ളതുമായ ആംബർഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദ്ദിൽ മോഹവിലയ്ക്ക് വിദേശത്തും കേരളത്തിന് പുറത്തും എടുക്കാൻ ആളുണ്ട് എന്നതും തട്ടിപ്പിനിരയാവുന്നവർ മാനക്കേട് ഭയന്ന് പരാതി കൊടുക്കാറില്ല എന്നതുമാണ് ഇത്തരത്തിൽ തട്ടിപ്പ് സംഘങ്ങൾക്ക് വളമാവുന്നത്.
പ്രതികളുടെ കാറിൽ നിന്നും ഇരുപത് കിലോയോളം വ്യാജ ആംബർഗ്രീസ് പിടിച്ചെടുത്തു. എടയാറ്റൂർ സ്വദേശി അബ്ദുൾ റൗഫിന്റെ പേരിൽ മുൻപും സമാനതരത്തിലുള്ള തട്ടിപ്പുകസുകളുണ്ട്. കേരളത്തിൽ മറ്റു ജില്ലകളിലും ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തിയതിനെ കുറിച്ച് സൂചനലഭിച്ചതായും ഡിവൈഎസ്‌പി അബ്ദുൾ ബഷീർ,സിഐ.ജോബിതോമസ് അറിയിച്ചു. മലപ്പുറം പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡും മലപ്പുറം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ എസ്‌ഐ അമീറലി, എഎസ്ഐ സിയാദ് കോട്ട, ഹമീദലി . ഹാരീസ്, ഷാജു, ഷിൻസ് ആന്റണി ,എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.