ലക്ഷങ്ങളുടെ സ്വർണവെള്ളരി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപ്രതികൾ മലപ്പുറത്ത് പിടിയിൽ

മലപ്പുറം: ലക്ഷങ്ങളുടെ വിലമതിക്കുന്ന സ്വർണ വെള്ളരി വാഗ്ദാനം ചെയ്ത് പിച്ചളക്കട്ടി കൈമാറി 1.75ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ. സ്വർണ പിച്ചള ഉരച്ച് പരിശോധിച്ചപ്പോൾ ലഭിച്ച പൊടികൾ സ്വർണമാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തേഞ്ഞിപ്പലം പൊലീസ് തെളിവെടുത്തു.

നീലഗിരി ഗൂഡല്ലൂർ ഒന്നാംമൈൽ സ്വദേശി സെയ്തലവി (40), നീലഗിരി എസ്എസ് നഗർ സ്വദേശി മുഹമ്മദ് അഷ്റഫ് (54) എന്നിവരെയാണ് ചേലേമ്പ്ര കാക്കഞ്ചേരിയിലും പുല്ലുംകുന്നിലും എത്തിച്ച് തേഞ്ഞിപ്പലം എസ്ഐ പി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പൊലീസ് തെളിവെടുത്തത്. കോഴിക്കോട് മേപ്പയൂർ സ്വദേശിയുടെ പരാതിയിലാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.

പ്രതികളിലൊരാൾ തങ്ങളുടെ പക്കൽ സ്വർണ വെള്ളരി ഉണ്ടെന്ന് പരാതിക്കാരനെ ഫോണിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കാക്കഞ്ചേരിയിലേക്ക് വിളിച്ച് വരുത്തി പിച്ചളക്കട്ടി നൽകി. ഉരച്ച് പരിശോധിച്ചപ്പോൾ ലഭിച്ച പൊടികൾ സ്വർണമാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് ഇത് പിച്ചള ആണെന്ന് തിരിച്ചറിഞ്ഞതനുസരിച്ച് പ്രതികളെ പരാതിക്കാരൻ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

സമാന കേസിൽ രണ്ട് പേർ പൊന്നാനിയിൽ അറസ്റ്റിലായ വിവരമറിഞ്ഞാണ് തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ തന്നെയാണു പ്രതികളെന്നു തിരിച്ചറിഞ്ഞു. കോടികൾ വിലവരുന്ന സ്വർണ്ണ കട്ടിയെന്ന വ്യാജേനയാണ് സ്വർണ്ണ നിറമുള്ള ഗോളകം നൽകി പൊന്നാനിയിൽ തട്ടിപ്പ് നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വാർത്ത കണ്ടതോടെയാണ്. കോഴിക്കോട് മേപ്പയൂർ സ്വദേശിയു, പരാതി നൽകിയത്.

പൊന്നാനി കേസിൽ കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കൂനം വീട്ടിൽ ഹമീദ് എന്ന ജിംഹമീദ് (51), ഗൂഡല്ലൂർ സ്വദേശികളായ കൈപ്പഞ്ചേരി സൈതലവി (40), കുഴിക്കലപറമ്പ് അപ്പു എന്ന അഷ്റഫ്(55) എന്നിവരാണ് അറസ്റ്റിലായത്. ചാലിശ്ശേരി സ്വദേശിയും, കായംകുളത്തെ പള്ളിയിലെ ഇമാമുമായ മുസ്ല്യാർ നൽകിയ പരാതിയിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്.

ഇന്റർനെറ്റിൽ നിന്നും സംഘം കണ്ടെത്തുന്ന മുസ്ല്യാർമാരുടെയും, പണിക്കന്മാരുടെയും നമ്പറിൽ വിളിച്ച് വിശ്വാസ്യത നേടിയ ശേഷം ഇവരുടെ വീട്ടുപറമ്പിൽ നിന്നും സ്വർണ്ണ വെള്ളരി അഥവാ സ്വർണ്ണ ഗോളകം ലഭിച്ചിട്ടുണ്ടെന്നും, രണ്ട് കോടിയോളം രൂപ വിലവരുന്ന സാധനം ഇവർ മുഖേന വിൽക്കാൻ താൽപര്യമുണ്ടെന്നും അറിയിക്കും. തുടർന്ന് അഡ്വാൻസ് തുകയുമായി എത്തണമെന്നും, സ്വർണം കൈമാറാമെന്നും പറഞ്ഞാണ് ഡീൽ ഉറപ്പിക്കുക.

സംഘം പറഞ്ഞ സ്ഥലത്ത് എത്തിയാൽ പൊതിഞ്ഞ നിലയിരുന്ന ഗോളകത്തിന്റെ ഒരു ഭാഗത്ത് ഓട്ടയുണ്ടാക്കി ഇതിൽ നിന്നും സ്വർണം അടർന്ന് വീഴുന്നതായി കാണിക്കും. കൈയിൽ കരുതിയ ഒറിജിനൽ സ്വർണ്ണ തരിയാണ് ഈ സമയം സംഘം താഴേക്ക് ഇടുക. തരി പരിശോധിച്ച് സ്വർണ്ണമെന്ന് ബോധ്യപ്പെടുന്നതോടെ വ്യാജ സ്വർണ്ണ ഗോളകം കൈമാറുകയുംചെയ്യും. പിന്നീട് തുറന്ന് നോക്കിയാലാണ് തട്ടിപ്പ് ബോധ്യപ്പെടുക.

ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി നിരവധി പേരിൽ നിന്ന് തട്ടിപ്പ് നടത്തിയതായി പൊന്നാനി സിഐ വിനോദ് വലിയാറ്റൂർ പറഞ്ഞു. കായംകുളത്തെ പള്ളിയിലെ ഇമാമിനെയും പൊന്നാനിയിലേക്ക് വിളിച്ചു വരുത്തി ഏഴ് ലക്ഷം രൂപ സമാനമായ രീതിയിൽ തട്ടിയെടുത്തിരുന്നു. ഇതേത്തുടർന്ന് ഇയാൾ പൊന്നാനി പൊലീസിൽ പരാതി നൽകി.

പിന്നീട് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അന്വേഷണ സംഘം രൂപീകരിച്ച് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.ഇതേ സമയം കൊടുങ്ങല്ലൂരുള്ള മുസ്ല്യാരെ തട്ടിപ്പിന് ശ്രമിക്കുന്നതായി വിവരം ലഭിച്ചു.നിലമ്പൂരിൽ വെച്ച് സ്വർണ ഗോളകം കൈമാറാമെന്ന തട്ടിപ്പ് സംഘത്തിന്റെ വിവരം ലഭിച്ചതിനെത്തുടർന്ന് നിലമ്പൂരിൽ മഫ്ടിയിലെത്തിയ അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ പൊന്നാനി കോടതി റിമാന്റ് ചെയ്തു