രാങ്ങാട്ടൂർ സ്വദേശിനിയുടേതുകൊലപാതകമെന്ന് ബന്ധുക്കൾ; വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്തു
മലപ്പുറം: ദുബൈയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിനി 27കാരി അഫിലയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. അഫീലയുടെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നു മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ റീ പോസ്റ്റ്‌മോർട്ടം ചെയ്തു. മലപ്പുറം കുറ്റിപ്പുറം രാങ്ങാട്ടൂർ കുന്നക്കാട്ട് അബൂബക്കറിന്റെ മകളാണ് അഫീല.ഇക്കഴിഞ്ഞ ജൂൺ 10ന് രാത്രിയാണ് ദുബൈ അൽസലീല സ്ട്രീറ്റിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ അഡിമിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന കടലുണ്ടി നഗരം ആനങ്ങാടി വയൽപീടിയേക്കൽ റാസിഖ് (28) ആണ് അഫീലയുടെ ഭർത്താവ്. 2014ലായിരുന്നു ഇവരുടെ വിവാഹം.ഇക്കഴിഞ്ഞ മാർച്ചിലാണ് അഫീലയും നാലുവയസ്സുകാരൻ മകനും ഭർത്താവിനടുത്തേക്ക് പോയത്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നെന്നു ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഇതിന് തെളിവായി ഭർത്താവ് മർദ്ദിച്ചതിനെ തുടർന്നുണ്ടായ പരിക്കുകൾ ഫോട്ടോയെടുത്ത് അഫീല നാട്ടിലെ സുഹൃത്തിന് അയച്ചു നൽകിയിരുന്നുവെന്നും ഇവർ പറയുന്നു.

താമസ സ്ഥലത്തെ അടുക്കളയിലാണ് അഫീലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കളയിലെ ചുമരിൽ സ്‌ക്രൂ ചെയ്ത ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒട്ടും ഉറപ്പില്ലാത്ത ഈ ഹുക്കിൽ തൂങ്ങി മരിച്ചുവെന്നത് വിശ്വസനീയമല്ലെന്നും ഈ ഹുക്കിൽ തൂങ്ങിയാൽ കാലുകൾ തറയിൽ മുട്ടുമെന്നും ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നു. ദുബൈയിലെ സുഹൃത്തുക്കൾ വഴി ഖത്തറിലുള്ള ബന്ധുക്കളും മറ്റും എത്തിയപ്പോഴേക്കും ഭർത്താവ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ദുബൈയിൽ പോസ്റ്റുമോർട്ടം നടന്നെങ്കിലും അതിന്റെ രേഖകൾ തങ്ങൾക്ക് കിട്ടിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

തുടർന്നാണ് ഇന്ത്യൻ എംബസിയിൽ പരാതി നൽകിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. ഇന്നലെ പുലർച്ചെ നാലരക്ക് കരിപ്പൂർ എയർപോർട്ടിലെത്തിച്ച മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിക്കുകയായിരുന്നു.തിരൂർ തഹസീൽദാർ പി ഉണ്ണി ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം റീപോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി രാങ്ങാട്ടൂർ ജുമാ മസ്ജിദിൽ ഖബറടക്കി.
