പിണറായിയും മകളും സാമ്പത്തിക റാക്കറ്റിന്റെ പങ്കാളികൾ; മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ മാനനഷ്ടകേസ് നൽകുമെന്ന് പി സി ജോർജ്
തിരുവനന്തപുരം: സോളാർ കേസ് പ്രതിയുടെ പീഡനപരാതിയിലെ അറസ്റ്റിനും ജാമ്യത്തിനും പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ എംഎൽഎ പി സി ജോർജ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വലിയൊരു സാമ്പത്തിക റാക്കറ്റിന്റെ പങ്കാളികളാണ് മുഖ്യമന്ത്രിയും മകളുമെന്നാണ് ജോർജ് ആരോപണങ്ങൾ ഉന്നയിച്ചത്.
പിണറായി വിജയൻ വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. പിന്നാലെ മകൾ വീണാ വിജയനും ഈ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. വലിയൊരു സാമ്പത്തിക കൊള്ളസംഘത്തിന്റെ ഭാഗമാണ് ഇരുവരും. പിണറായിയുടെയും മകളുടെയും യാത്രകൾ ഇഡി അന്വേഷിക്കണം. ഇക്കാര്യം പുറത്തുപറയുന്നവരെ ശരിപ്പെടുത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. സ്വപ്ന സുരേഷിനെ രണ്ട് തവണ മാത്രമാണ് കണ്ടിട്ടുള്ളത്.
സരിത താൻ വിളിച്ചിട്ടുതന്നെയാണ് മുറിയിൽവന്നത്. സരിത തന്നെയും വിളിച്ചിരുന്നു താനും വിളിച്ചിരുന്നു. എന്നാൽ തന്നോടൊപ്പം മുറിയിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സുനിൽകുമാർ ആലപ്പുഴയെ തനിക്കറിയില്ല. സരിതയുടെ മൊഴിയിൽ പറയുന്നത് സുനിൽ കുമാർ തൊടുപുഴ ഉണ്ടായിരുന്നു എന്നാണ്. മനപ്പൂർവ്വം ഒരു സാക്ഷിയെ സൃഷ്ടിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. ഇത്തരത്തിൽ കള്ളക്കേസുകൾ ഉണ്ടാക്കുകയാണെന്നും പി സി ജോർജ് ആരോപിച്ചു.
തന്റെ ഭാര്യയെ ഉൾപ്പടെ പ്രതിയാക്കുകയാണ്. താമസിയാതെ അഭിഭാഷകനുമായി സംസാരിച്ച് മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ വലിയൊരു തുകയ്ക്ക് മാനനഷ്ടകേസ് നൽകും. മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ തെളിവുകൾ കണ്ടത്തേണ്ടത് ഇഡിയുടെ ചുമതലയാണ്. പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരെ കാണുമെന്നും പി സി പറഞ്ഞു.