കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ശുഭപ്രതീക്ഷ; കോൺഗ്രസ് ഒരു കുടുംബത്തിന്റെ മാത്രം പാർട്ടി; അടുത്ത 40 വർഷം ബിജെപിയുടെ കാലഘട്ടമെന്നും അമിത് ഷാ

ന്യൂഡൽഹി: അടുത്ത നാൽപ്പത് വർഷം ബിജെപിയുടെ കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദിൽ നടക്കുന്ന ബിജെപി നിർവാഹക സമിതി യോഗത്തിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. വംശീയ രാഷ്ട്രീയം, ജാതീയത, പ്രീണന രാഷ്ട്രീയം എന്നിവ വലിയ പാപങ്ങളാണെന്നും രാജ്യം വർഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണം ഇതാണെന്നും അമിത് ഷാ പറഞ്ഞു.

ഗുജറാത്ത് കലാപത്തിലെ സുപ്രീംകോടതി വിധി ചരിത്രപരമെന്നും അമിത് ഷാ പറഞ്ഞു. മോദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിവും രാഷ്ട്രീയ പ്രേരിതവും എന്ന് കോടതി കണ്ടെത്തിയരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയിലെയും പശ്ചിമ ബംഗാളിലെയും കുടുംബവാഴ്ച അവസാനിപ്പിക്കും. ഒരു കുടുംബത്തിന്റെ മാത്രം പാർട്ടിയാണ് കോൺഗ്രസെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം ചിതറി പോയിരിക്കുന്ന അവസ്ഥയാണ്. കോൺഗ്രസിനുള്ളിലെ ജനാധിപത്യത്തിനായി അംഗങ്ങൾ പരസ്പരം പോരടിക്കുകയാണ്. ഭയം കൊണ്ടാണ് ഗാന്ധി കുടുബം കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തത്. കോൺഗ്രസിന് മോദി ഫോബിയ ആണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

രാജ്യത്തിനായി എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും കോൺഗ്രസ് എതിർത്തു കൊണ്ടേയിരിക്കുന്നു. സർജിക്കൽ സ്‌ട്രൈക്ക് , കശ്മീരിലെ 370, വാക്‌സിനേഷൻ. രാമക്ഷേത്രം തുടങ്ങിയവയെല്ലാം കോൺഗ്രസ് എതിർത്തു. അനുച്ഛേദം 370 റദ്ദാക്കിയതോടെ ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി. മോദി പ്രധാനമന്ത്രി ആയപ്പോൾ ആഭ്യന്തര സുരക്ഷയും അതിർത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടു.

അടുത്ത 40 വർഷം ബിജെപിയുടെ കാലഘട്ടം ആണ്. ബിജെപി ഭരണത്തിൽ ഇന്ത്യ ലോകത്തിനു മുമ്പിൽ വിശ്വ ഗുരു ആകും. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചപ്പോൾ ഒരുതവണ ദളിത് വിഭാഗത്തിൽ നിന്നും ഒരുതവണ ആദിവാസി വനിതാ വിഭാഗത്തിൽ നിന്നുമാണ് ബിജെപി സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയിലെയും പശ്ചിമ ബംഗാളിലെയും കുടുംബവാഴ്ച അവസാനിപ്പിച്ച് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി സർക്കാർ രൂപവത്കരിക്കും. കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലും സർക്കാർ രൂപവത്കരിക്കാൻ കഴിയുമെന്ന കാര്യത്തിൽ ബിജെപിക്ക് ശുഭപ്രതീക്ഷയാണ് ഉള്ളത്. ഇന്ത്യയെ ശക്തമായ രാജ്യമാക്കി മാറ്റാൻ കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും 30 വർഷമെങ്കിലും ബിജെപി അധികാരത്തിൽ തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വവും മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കവും ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രമേയത്തിൽ അമിത് ഷാ പ്രമേയത്തിൽൽ പരാമർശിച്ചിട്ടുണ്ട്. ഉദയ്പൂരിൽ കൊല്ലപ്പെട്ട കനയലാലിനും പഞ്ചാബി ഗായകൻ സിദ്ദു മൂസവാലക്കും യോഗത്തിലവതരിപ്പിച്ച അനുശോചന പ്രമേയത്തിലൂടെ യോഗം ആദരാഞ്ജലി അർപ്പിച്ചു

മുർമുവിന്റെ സ്ഥാനാർത്ഥിത്വം ചരിത്രപരമാണെന്ന് പ്രമേയാവതരണത്തിന് മുൻപ് യോഗത്തിൽ സംസാരിച്ച പ്രധാനമന്ത്രിയും പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാൽ ആദിവാസി വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി ആകുന്ന ആദ്യ ആളാകും, മുർമുവിന്റെ ജീവിതവും രാഷ്ട്രീയ പ്രവർത്തനങ്ങളും വിവരിച്ച് മോദിപറഞ്ഞു. മുർമുവിന്റെ പൊതുജീവിതത്തെ മോദി പ്രശംസിച്ചു. വൈകിട്ട് ഹൈദരാബാദിൽ നടക്കുന്ന പൊതു സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും .

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, 19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ദേശീയ നേതാക്കൾ എന്നിവർ രണ്ടുദിവസത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഹൈദരാബാദ് മാധാപുരിലെ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിലാണ് യോഗം. രാവിലെ ചേർന്ന ദേശീയ ഭാരവാഹിയോഗത്തോടെയാണ് കഴിഞ്ഞ ദിവസം ഉന്നതതലയോഗം തുടങ്ങിയത്.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും പാർട്ടി നേടിയ വിജയം, പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രപദ്ധതികളുടെ നിർവഹണം തുടങ്ങിയവ യോഗം ചർച്ച ചെയ്തു. മോദിസർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളാണ് തിരഞ്ഞെടുപ്പുകളിൽ ബിജെപി.ക്ക് വിജയം നൽകിയതെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞിരുന്നു.

ബൂത്തുതലങ്ങളിൽ പ്രവർത്തനം ശക്തമാക്കാൻ നടപടി സ്വീകരിക്കണമെന്ന് നഡ്ഡ നിർദ്ദേശിച്ചു. താഴെത്തട്ടിൽ ജനങ്ങളെ ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പുകൾക്ക് രൂപംനൽകുമെന്ന് ഭാരവാഹിയോഗത്തിനുശേഷം പത്രസമ്മേളനത്തിൽ ദേശീയ ഉപാധ്യക്ഷ വസുന്ധര രാജെ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളുടെ 30 കോടി ഗുണഭോക്താക്കളെ പാർട്ടിപ്രവർത്തകർ സമീപിക്കും.