അരുണാചൽ പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി 130ൽ 102 സീറ്റിലും എതിരില്ലാതെ വിജയം ഉറപ്പിച്ചു

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ 130 പഞ്ചായത്ത് സീറ്റുകളിൽ 102 സീറ്റുകളും എതിരില്ലാതെ നേടി ബിജെപി. 130 പഞ്ചായത്ത് സീറ്റുകളിലേക്കും ഒരു ജില്ലാ പരിഷത്ത് മണ്ഡലത്തിലേക്കും ജൂലൈ 12നാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 14 സീറ്റുകളിൽ കോൺഗ്രസ്, എൻപിപി, സ്വതന്ത്രർ എന്നിവർ എതിരില്ലാതെ ഉറപ്പിച്ചു. എതിരില്ലാതെ നേടിയ വിജയത്തിന് പ്രവർത്തകർക്കും അനുഭാവികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി മുഖ്യമന്ത്രി പ്രേമ ഖണ്ഡു പറഞ്ഞു.

ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നന്ദി അറിയിച്ചത്. ബിജെപി സ്ഥാനാർത്ഥികളെ എതിരില്ലാതെ തിരഞ്ഞടുത്തതിന് എല്ലാ പ്രവർത്തകർക്കും അനുഭാവികൾക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചു. തവാങ്, വെസ്റ്റ് കമേങ്, അപ്പർ സുബൻസിരി, സിയാങ്, തിരാപ്പ് എന്നിവയുൾപ്പെടെ 14 ജില്ലകളിലെ എല്ലാ ഗ്രാമപഞ്ചായത്ത് സീറ്റുകളിലും ബിജെപി മികച്ച വിജയം നേടി.

സംസ്ഥാനത്തെ ജനങ്ങൾക്ക് അവരുടെ മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും അതിന്റെ തെളിവാണ് ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ബാക്കിയുള്ള 16 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂലൈ 12ന് നടക്കും. ജൂലൈ 16നാണ് ഫല പ്രഖ്യാപനം.