പുതിയ പാർലമെന്റ് മന്ദിരത്തിലെ അശോക സ്തംഭം അനാച്ഛാദനം ചെയ്ത് മോദി
ന്യൂഡൽഹി: നിർമ്മാണത്തിലിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. 4.34 മീറ്റർ വീതിയും 6.5 മീറ്റർ ഉയരവുമുള്ളതും അശോകസ്തംഭം പൂർണ്ണമായും വെങ്കലത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
9500 കിലോയാണ് സ്തംഭത്തിന്റെ ഭാരം. ഏകദേശം ഒമ്പത് മാസം കൊണ്ടാണ് വെങ്കലത്തിൽ ഈ സ്തംഭം പണിതെടുത്തത്. ലോക്‌സഭാ സ്പീക്കർ ഓം ബിർള, നഗരകാര്യ മന്ത്രി ഹർദീപ് പുരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്തംഭം പണിത തൊഴിലാളികളുമായി സംവദിച്ച ശേഷമായിരുന്നു മോദി മടങ്ങിയത്.

പെന്റഗൺ ആകൃതിയിലാണ് പുതിയ പാർലമെന്റ് കെട്ടിടം പണിയുന്നത്. 2021ൽ ആരംഭിച്ച കെട്ടിട നിർമ്മാണം പാർലമെന്റിന്റെ ഈ വർഷത്തെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് പൂർത്തിയാക്കാനാണ് പദ്ധതി.