മലപ്പുറത്ത് കനത്ത മഴ; ചാലിയാറിൽ ജലനിരപ്പ് ഉയർന്നു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി
മലപ്പുറം: മലപ്പുറം ജില്ലയിൽ കനത്ത മഴയിൽ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ ഒരാഴ്ചക്കാലമായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കനത്ത മഴയാണ് പെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗൂഡല്ലൂർ വയനാട് മേഖലയിൽ മഴ കനത്തതോടെ ചാലിയാറിൽ ജലനിരപ്പും ക്രമാതീതമായി ഉയർന്നുവരികയാണ്. ഇതോടെ നിലമ്പൂരിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കനത്ത കുത്തൊഴുക്കാണ് നിലമ്പൂർ മേഖലയിൽ ചാലിയാർ പുഴയിൽ കാണാൻ കഴിയുന്നത്.
നിലമ്പൂർ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും വലിയ രീതിയിലുള്ള കൃഷി നാശം സംഭവിച്ചിട്ടുണ്ട്. വാഴ പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികളാണ് പ്രധാനമായി നശിച്ചത്. ചാലിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ 15 ഷട്ടറും ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ഷട്ടറുക്കളും തുറന്നിട്ടുണ്ട്. എന്നിരുന്നാലും കനത്ത മഴയിൽ ചാലിയാറിൽ ജലനിരപ്പ് ഉയരുകയാണ്. വാഴക്കാട് വാഴയൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
വാഴക്കാട് എടശേരികുന്ന് റോഡ് വെള്ളത്തിൽ മുങ്ങി. മതിയംകല്ലിങ്ങൽ, തിരുവാലൂർ റോഡും വെള്ളത്തിനടിയിലായി. ചെറുവട്ടൂർ മുജാഹിദ് പള്ളിയിലും വെള്ളം കയറി. വാഴയൂർ പഞ്ചായത്തിലെ പുഞ്ചപ്പാടത്ത് വെള്ളം കയറിയിട്ടുണ്. വാഴക്കാട് വാഴയൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ വ്യാപക കൃഷിനാശമാണ് സംഭവിച്ചത്. മഴ കനക്കുന്നു സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് കൊണ്ടോട്ടി തഹസിൽദാർ പി അബൂബക്കർ അറിയിച്ചു.
നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കനത്ത മഴയാണ് ഇന്ന് രാവിലെ മുതൽ പെയ്യുന്നത്. ഗൂഡല്ലൂർ, നാടുകാണി ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതായി ഗൂഡല്ലൂർ റവന്യൂ അധികൃതർ അറിയിച്ചു. പുന്നപ്പുഴയിലും കാരക്കോടൻ പുഴയിലും കലക്കൻ പുഴയിലും വെള്ളം ഉയരാൻ സാധ്യത കണക്കിലെടുത്ത് ചാലിയാറിനെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇതിന് ഇടയിൽ കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർകുന്ന് റോഡിൽ കെട്ടിടം തകർന്നു വീണു. ആന്തിയൂർക്കുന്ന് റോഡിൽ ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപം വർഷങ്ങളായി അടഞ്ഞു കിടക്കുന്ന കെട്ടിടമാണ് ഇന്ന് രാവിലെ നിലം പതിച്ചത്. അപകട സമയം കെട്ടിടത്തിനു മുന്നിൽ ആരും ഇല്ലാത്തത് വൻ അപകടമാണ് ഒഴിവാക്കിയത്. അതേസമയം മലപ്പുറം ജില്ലയിൽ ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ച് ദിവസം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.