മലപ്പുറത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ചു; മുൻ വനിതാ ക്രിക്കറ്റ് താരം പിടിയിൽ
മലപ്പുറം: നിലമ്പൂർ അമരമ്പലത്ത് വീട്ടിൽ നിന്ന് 7 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ മുൻ ജില്ലാ ക്രിക്കറ്റ് താരമായ യുവതി പിടിയിലായി. അമരമ്പലം കരുനെച്ചിക്കുന്ന് സ്വദേശിനി ചെരളക്കാടൻ ശ്യാമ സി പ്രസാദ് ( 22) ആണ് അറസ്റ്റിലായത്. ട്രാൻസ്ജെൻഡർ കൂട്ടായ്മകളിൽ സജീവമാണ് ശ്യാമ. ശ്യാമയുടെ പരിചയക്കാരിയും നാട്ടുകാരിയുമായ ഇട്ടേപ്പാടൻ ഉഷയുടെ വീട്ടിൽനിന്ന് ആണ് രണ്ടരക്ഷം രൂപയോളം മൂല്യമുള്ള സ്വർണാഭരണം മോഷ്ടിച്ചത്.
സംഭവത്തെ കുറിച്ച് പൂക്കോട്ടുപാടം പോലീസ് പറയുന്നത് ഇങ്ങനെ,
ശ്യാമ മുൻപ് കിറ്റെക്സ് ഗാർണമെന്റ്സ് ജീവനക്കാരിയായിരുന്നു. കിഴക്കമ്പലം കിറ്റക്സ് ഗാർമെന്റ്സിൽ ജോലി ചെയ്യവേ ഇവർ കൊട്ടാരക്കര സ്വദേശിനിയായ 19 കാരിയുമായി പ്രണയത്തിൽ ആവുകയും ഇവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങുകയും ചെയ്തു. ജോലി നഷ്ടമായതിനെ തുടർന്ന് ഇവർ രണ്ടുപേരും അമരമ്പലത്ത് തിരിച്ചെത്തി.
മെയ് മാസത്തിൽ ആണ് ശ്യാമ ഉഷയുടെ വീട്ടിൽ നിന്ന് മോഷണം നടത്തിയത് എന്ന് പോലീസ് പറയുന്നു. പകൽ 11 മണിയോടെ ആണ് ഉഷയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി അടുക്കള വാതിൽ തള്ളി തുറന്നാണ് അകത്ത് കടന്നത്. കിടപ്പ് മുറിയിലെ കട്ടിലിനടിയിൽ പെട്ടിയിൽ സൂക്ഷിച്ച ആഭരണങ്ങളിൽ നിന്ന് കുറച്ച് ആഭരണങ്ങൾ എടുത്ത് ട്രൗസറിന്റെ പോക്കറ്റിലിട്ട് ശ്യാമ മടങ്ങുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം ഉച്ചയോടെ ശ്യാമ വണ്ടൂരിലെ ജ്വല്ലറിയിലെത്തി സ്വർണം വിൽപ്പന നടത്തുകയും പുതിയ ആഭരണങ്ങൾ മാറ്റി വാങ്ങുകയും ചെയ്തു. ബാക്കി കിട്ടിയ പണം കൊണ്ട് രണ്ട് പുതിയ മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും വാങ്ങി. പിന്നീട് തിരുവനന്തപുരം-എറണാകുളം എന്നിവിടങ്ങളിൽ ലോഡ്ജുകളിൽ താമസിച്ച് പണം ചെലവഴിക്കുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ശ്യാമയുടെ പങ്ക് വ്യക്തമായത്. പതിവു പോലെ ഇപ്പോഴും സ്റ്റേഷനിലേക്ക് അമ്മയെയും പെൺ സുഹൃത്തിനെയും കൂട്ടി വന്ന ശ്യാമ കുറ്റം നിഷേധിച്ചെങ്കിലും തെളിവുകൾ നിരത്തിയുള്ള കൃത്യമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. കളവ് നടത്തിയ വിധവും തൊണ്ടിമുതലിനെ കുറിച്ചുള്ള വിവരവും ഇവർ പോലീസിനോട് വിശദീകരിച്ചു.
സംശയത്തിന്റെ പേരിൽ ഇതിനുമുമ്പ് സ്റ്റേഷനിലേക്ക് പല പ്രാവശ്യം വിളിപ്പിച്ചെങ്കിലും പരുഷമായി പോലീസിനോട് പെറുമാറുകയും കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. നിരപരാധിയായ തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ച് ചോദ്യം ചെയ്യുന്നതിനെതിരെ പോലിസുകാർക്കെതിരെ പരാതി കൊടുക്കുമെന്ന് പറഞ്ഞ് പോലീസിനെയും ഇവർ വിരട്ടിയിരുന്നു.
മോഷണം നടന്ന വീട്ടിലെ പെട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ ആഭരണങ്ങളും മോഷണം പോവാതിരുന്നതും ആഭരണം വീട്ടിലുള്ള കാര്യം ശ്യാമക്കറിയാമെന്നതും അടുത്തിടെയായി സുഹൃത്തിനൊപ്പമുള്ള ശ്യാമയുടെ ആർഭാട ജീവിതവുമാണ് പോലീസിന്റെ അന്വേഷണം ശ്യാമയിലേക്ക് എത്തിച്ചത്.
പൂക്കോട്ടുംപാടം പോലീസ് ഇൻസ്പെക്ടർ സി.എൻ. സുകുമാരൻ, എസ് ഐ ജയകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയലക്ഷമി, പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ എം അസ്സൈനാർ, സുനിൽ. എൻ.പി, ടി. നിബിൻദാസ്, എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.