നടന്നു പോയാലും ഇനി ഇൻഡിഗോയിൽ കയറില്ല; ഞാന്‍ ആരാണെന്ന് അവര്‍ക്ക് മനസിലായില്ലെന്ന് തോന്നുന്നുവെന്നും ഇ.പി.ജയരാജൻ
തിരുവനന്തപുരം: ഇൻഡിഗോയുടെ വിമാനയാത്രാ വിലക്കിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഇൻഡിഗോ സ്റ്റാൻഡേർഡ് ഇല്ലാത്ത കമ്പനിയാണെന്നും, നിലവാരമില്ലാത്ത കമ്പനിയുമായി ഇനി ഒരു ബന്ധവും ഇല്ലെന്നും ഇ.പി.ജയരാജൻ വിമർശിച്ചു. ‘ കാര്യങ്ങൾ വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇൻഡിഗോ കമ്പനി തെറ്റായിട്ടുള്ള നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അവരിപ്പോൾ എനിക്ക് മൂന്ന് ആഴ്ചത്തെ യാത്രാവിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നതെങ്കിൽ, ഞാൻ ഇനി ഈ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ല. ഇത് ഇത്ര നിലവാരമില്ലാത്ത കമ്പനിയാണെന്ന് ഞാൻ മനസിലാക്കിയില്ല. കണ്ണൂര് നിന്ന് തിരുവനന്തപുരത്തേക്കുള്ള ഫ്‌ളൈറ്റിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഞാനും ഭാര്യയും ആയിരിക്കും. ഇനി ഇൻഡിഗോയിൽ ഞാൻ യാത്ര ചെയ്യില്ല. ഇതൊരു വൃത്തികെട്ട കമ്പനിയായിട്ട് ഞാൻ മനസിലാക്കുന്നു. നിലവാരമില്ലാത്ത കമ്പനിയായിട്ട് ഞാൻ മനസിലാക്കുന്നു.
കുറ്റവാളികൾക്ക് നേരെ നടപടി എടുക്കാനല്ല അവർ താത്പര്യം കാണിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കമ്പനിയുടെ വിമാനത്തിൽ ഞാനിനി കയറില്ല. വേറെ പല വിമാനക്കമ്പനികളുമുണ്ട്, മാന്യന്മാർ. മാന്യമായിട്ട് സർവീസ് നടത്തുന്ന വേറെയും കമ്പനികളുണ്ട്. ഇനി അവരുടെ വിമാനങ്ങളിലേ ഞാൻ പോകൂ. ഇങ്ങനെയൊരു വൃത്തികെട്ട കമ്പനി. പലയിടത്തും അവരുടെ വിമാനങ്ങൾ അപകടത്തിലാണെന്ന വാർത്തകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്. അതുകൊണ്ട് ആ കമ്പനിയെ ഞാൻ ഉപേക്ഷിക്കുകയാണ്.
ഇൻഡിഗോയിൽ യാത്ര ചെയ്തില്ലെന്ന് വച്ച് എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. ഏതെങ്കിലും ക്രിമിനൽ പറയുന്നത് കേട്ട് വിധിക്കാനാണ് ഇൻഡിഗോയ്‌ക്ക് താത്പര്യമെങ്കിൽ ആ കമ്പനി എന്റെ അഭിപ്രായത്തിൽ സ്റ്റാൻഡേർഡ് ഇല്ലാത്ത കമ്പനിയാണ്. കമ്പനി ശരിക്കും എന്നെ പ്രശംസിച്ചിട്ട് എനിക്ക് അവാർഡ് തരണം. അവർക്ക് ചീത്തപ്പേര് ഉണ്ടാകാത്ത സാഹചര്യം സൃഷ്ടിച്ചതിന്. ഇൻഡിഗോ മാന്യന്മാരുടെ കമ്പനി ആയിരുന്നെങ്കിൽ എനിക്ക് അവര് പുരസ്‌കാരം തരണം.
ഇവരുടെ വിമാനം ഇല്ലെങ്കിലും എനിക്ക് യാത്ര ചെയ്യാനറിയാം. ഞാൻ ആരാണെന്ന് പോലും അവർക്ക് അറിയില്ലെന്നാണ് മനസിലാക്കുന്നത്. എനിക്ക് ഇനി അവരുടെ ഒരു സൗജന്യവും വേണ്ട. എന്റെ ഒരു പൈസയും ഈ കോർപ്പറേറ്റ് കമ്പനിയിലേക്ക് പോകില്ല. നടന്നു പോയാലും അവരുടെ വിമാനത്തിൽ കയറില്ല. ഇതൊരു നിലവാരമില്ലാത്ത കമ്പനിയാണ്. ഇന്റർനാഷണൽ ആയാലും, നാഷണൽ ആയാലും ഇനി അതിൽ യാത്രയില്ല. എന്റെ കുടുംബക്കാരും യാത്ര ചെയ്യില്ലെന്നും’ ജയരാജൻ പറഞ്ഞു.