ഇൻഡിഗോ… നിന്നെ കണ്ണൂരിന് മുകളിലൂടെ പറപ്പിക്കില്ലെടാ; ഇൻഡിഗോ പേജിൽ സിപിഎം പ്രവർത്തകരുടെ ട്രോൾ പൂരം
വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾക്ക് താഴെ നിറയെ ഇപ്പോൾ സിപിഎം പ്രവർത്തകരുടെ കമന്റുകളും ട്രോളുകളുമാണ്. യാത്ര വിലക്കിന് പിന്നാലെ ഇനി താനോ കുടുംബമോ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രഖ്യാപനമാണ് ഇൻഡിഗോയുടെ ഫേസ്ബുക്ക് പേജിൽ ട്രോളുകളും കമന്റുകളുമായി നിറയുന്നത്. ഇൻഡിഗോയ്ക്കും ഇപിക്കുമെതിരെയും കമന്റുകളും ട്രോളുകളുമുണ്ട്..
‘ഇപിക്ക് ഇൻഡിഗോയുടെ ആദരം’, ‘കണ്ണൂരിന് മുകളിലൂടെ പറപ്പിക്കില്ലടാ..’, ‘ഉയർന്ന് പറക്കാൻ തുടങ്ങിയാൽ എറിഞ്ഞിടാൻ തന്നെയാണ് തീരുമാനം’.. ഇങ്ങനെ നീളുന്നു കമന്റുകൾ. ‘കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നത് ഇൻഡിഗോ മാത്രമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നോ?’ എന്ന് ചിലർ ചോദിക്കുന്നതും കാണാം. ‘സർവീസ് വളരെ മോശമായ വിമാന കമ്പനിയാണ് ഇൻഡിഗോ’, ‘ഇ.പി ജയരാജനെ വിരട്ടാൻ ഇൻഡിഗോ ആയിട്ടില്ല’. തുടങ്ങി വിമാനക്കമ്പനിക്ക് എതിരായും കമന്റുകളുണ്ട്.
കണ്ണൂരിലേക്ക് ഇനി മുതൽ നടന്നുപോകുന്ന ഇപി, ആകാശത്ത് കൂടി പറക്കുന്ന ഇൻഡിഗോ വിമാനത്തിന് കല്ലെറിയാൻ നോക്കുന്ന അണികൾ, ഇൻഡിഗോ പെയിന്റ് കടയ്ക്ക് മുന്നിലെ പ്രതിഷേധം, വിമാനത്തിന്റെ വില ചോദിക്കുന്ന യുവ നേതാവ്, തുടങ്ങിയവയാണ് ട്രാളുകളായി നിറയുന്നത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ചുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധവും, പ്രതിഷേധക്കാരെ ഇ.പി ജയരാജൻ തള്ളിയിട്ടെന്നും പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഇൻഡിഗോ കമ്പനി ഇ.പി ജയരാജനും പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും യാത്രവിലക്ക് ഏർപ്പെടുത്തിയത്.
‘നടന്നുപോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി കയറില്ല, ഇൻഡിഗോ വൃത്തികെട്ട കമ്പനി’, ഇൻഡിഗോ കമ്പനി തനിക്ക് അവാർഡ് നൽകേണ്ടിയിരുന്നു കമ്പനിക്ക് ഉണ്ടാകേണ്ട ചീത്തപ്പേര് തടഞ്ഞത് താനാണെന്നുമാണ് യാത്ര വിലക്കിനെതിരായ ജയരാജന്റെ പ്രതികരണം.
”ഇൻഡിഗോ ഏവിയേഷൻ നിയമവിരുദ്ധമായ നടപടിയാണ് എടുത്തത്. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാനകമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. മുഖ്യമന്ത്രിക്ക് ഭീകരവാദികളുടെ ഭീഷണി ഉണ്ട്. ഈ മാസം ഒൻപതിന് ഇൻഡിഗോ കമ്പനിയിൽ നിന്ന് ഡിസ്‌കഷന് വേണ്ടി ഒരു കത്ത് ലഭിച്ചിരുന്നു.12 ന് വിശദീകരണം നൽകാനും പറഞ്ഞിരുന്നു. എന്നാൽ മറുപടി നേരിട്ട് നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും അവരെ അറിയിച്ചിരുന്നു.അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയാണത്. ഇന്നത്തെ ടിക്കറ്റ് അടക്കം റദ്ദാക്കി. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തിലെങ്കിൽ തനിക്ക് ഒന്നും സംഭവിക്കില്ല. അക്രമികളെ സംരക്ഷിക്കുന്ന നിലപാട്. ശരിക്കും എനിക്ക് അവാർഡ് നൽകേണതാണ്. അവർക്ക് ഉണ്ടാകേണ്ട ചീത്തപ്പേര് തടഞ്ഞത് ഞാനാണ്.താൻ ആരാണെന്ന് പോലും അവർക്കറിയില്ല എന്നാണ് തോന്നുന്നത്. നടന്ന് പോയാലും ഇനിയവരുടെ വിമാനത്തിൽ കയറില്ല.കൂട്ടുകച്ചവടത്തിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം…” ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു
ജൂൺ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ ഉണ്ടായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വലിയതുറ പൊലീസ് വധശ്രമം ഉൾപ്പെടെ വകുപ്പുകളിലാണു കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫർസീൻ മജീദ്, പട്ടന്നൂർ സ്വദേശി ആർ.കെ.നവീൻ കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.