നിലമ്പൂരിൽ നാട്ടുവൈദ്യന്റെ കൊലപാതകം: പ്രതികൾ ഒളിവില്‍ കഴിഞ്ഞത് ഗോവയിലും മണാലിയിലും
നിലമ്പൂരിൽ നാട്ടുവൈദ്യന്റെ കൊലപാതകം: പ്രതികൾ ഒളിവില്‍ കഴിഞ്ഞത് ഗോവയിലും മണാലിയിലും
നിലമ്പൂര്‍: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ വധവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന നാല് പ്രതികളെക്കൂടി പോലീസ് പിടികൂടി.
ഷാബാ ഷെരീഫിനെ തട്ടികൊണ്ടുവന്ന് ഒന്നേകാല്‍ വര്‍ഷത്തോളം തടങ്കലില്‍ പാര്‍പ്പിച്ചശേഷം കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ചാലിയാര്‍ പുഴയില്‍ തള്ളിയ കേസിലെ പ്രതികളാണ് പിടിയിലായത്.
മുഖ്യ പ്രതി ഷൈബിന്‍ അഷ്റഫിന്റെ നിര്‍ദ്ദേശപ്രകാരം മൈസൂരുവില്‍നിന്ന് വൈദ്യനെ തട്ടിക്കൊണ്ടുവന്ന് ചന്തക്കുന്ന് സ്വദേശികളായ കൂത്രാടന്‍ അജ്മല്‍, (30), പൂളക്കുളങ്ങര ഷബീബ് റഹ്‌മാന്‍ (30), വണ്ടൂര്‍ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ് (28), പ്രതികള്‍ക്ക് പണവും മൊബൈല്‍ സിം കാര്‍ഡും മൊബൈല്‍ ഫോണും സംഘടിപ്പിച്ചുകൊടുത്ത വണ്ടൂര്‍ കൂളിക്കാട്ടുപടി പാലപ്പറമ്പില്‍ കൃഷ്ണപ്രസാദ് (26 )എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
രണ്ടു മാസമായി ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതികള്‍ ഒരാഴ്ചയായി എറണാംകുളത്തുണ്ടെന്ന് ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് രഹസ്യവിവരം കിട്ടിയിരുന്നു.
തുടര്‍ന്ന് തിങ്കളാഴ്ചയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഷൈബിനെ അറസ്റ്റുചെയ്തതറിഞ്ഞ് ഒളിവില്‍പ്പോയ പ്രതികള്‍ പൊള്ളാച്ചി, ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, മണാലി, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ക്കഴിയുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സുഹൃത്തുക്കളില്‍നിന്ന് പണം സംഘടിപ്പിക്കാന്‍ വേണ്ടിയാണ് ഇവര്‍ എറണാകുളത്ത് എത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഷൈബിന്റെ ബന്ധു കൈപ്പഞ്ചേരി ഫാസില്‍, പൊരി ഷമീം എന്നിവരെ പിടികൂടാനുണ്ട്.
കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരി രാധയെ ക്വട്ടേഷന്‍ പ്രകാരം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഷബീബ് റഹ്‌മാന്‍. ഇയാള്‍ക്കെതിരേ വധശ്രമം, അടിപിടി, കവര്‍ച്ച തുടങ്ങിയ കേസുകളും നിലവിലുണ്ട്. അജ്മല്‍ അടിപിടിക്കേസിലും ഷെഫീഖ് അടിപിടി, കഞ്ചാവ് കേസിലും പ്രതിയായിരുന്നു. കൃഷ്ണപ്രസാദും മറ്റൊരു അടിപിടിക്കേസില്‍ പ്രതിയാണ്.
നിലമ്പൂര്‍ ഡി.വൈ.എസ്.പി. സാജു കെ. അബ്രഹാം, എസ്.ഐ. മാരായ നവീന്‍ ഷാജ്, എം. അസ്സൈനാര്‍, എ.എസ്.ഐ.മാരായ റെനി ഫിലിപ്പ്, അനില്‍കുമാര്‍, സതീഷ് കുമാര്‍, അന്‍വര്‍ സാദത്ത്, വി.കെ. പ്രദീപ്, എ. ജാഫര്‍, എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, സജേഷ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
പൊട്ടിക്കരഞ്ഞ് സാറാബി ചോദിച്ചു, എന്തിന് എന്റെ മകനെ….
നിലമ്പൂര്‍: പോലീസ് സ്റ്റേഷനിലെത്തിയ സാറാബി മുന്നില്‍നില്‍ക്കുന്ന പ്രതികളെ നോക്കി പൊട്ടിക്കരഞ്ഞു. എന്തിനെന്റെ മകനെ…?
അബുദാബിയില്‍ കൊല്ലപ്പെട്ട കോഴിക്കോട് കുറുപ്പന്‍തൊടിക മലയമ്മ തത്തമ്മപറമ്പില്‍ ഹാരിസിന്റെ മാതാവാണ് സാറാബി. ഹാരിസിന്റെ സഹോദരി ഹാരിഫ യെയും കൂട്ടിയാണവര്‍ നിലമ്പൂരെത്തിയത്. ഹാരിസിന്റെ കൊലയാളികളെന്നു സംശയിക്കുന്നവരെ അറസ്റ്റുചെയ്‌തെന്നറിഞ്ഞാണ് തിങ്കളാഴ്ച വൈകുന്നേരം ഇവരെത്തിയത്. മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷെരീഫിനെ കൊന്ന നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷറവും സംഘവുമാണ് ഹാരിസിനെ അബുദാബിയില്‍ കൊന്നതെന്ന് പ്രതികള്‍ പോലീസിന് മൊഴിനല്‍കിയതായാണു സൂചന.
മകന്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്ന് ഉറപ്പുണ്ടായിരുന്നതായി മാതാവ് സാറാബി പറഞ്ഞു. ഷൈബിന്‍ അഷറഫിന്റെ നേതൃത്വത്തില്‍ ഹാരിസ് മരിക്കുന്നതിനുമുന്‍പ് വീട്ടില്‍വന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കുന്ദമംഗലം പോലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. മകന്റെ മരണവാര്‍ത്ത അറിഞ്ഞ വിഷമത്തിലാണ് ഭര്‍ത്താവ് ബീരാന്‍കുട്ടി മരിച്ചത്. കൊലയാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് തന്റെ ഏക ലക്ഷ്യമെന്നും സാറാബി പറഞ്ഞു. പ്രതികളെ പിടിച്ച പോലീസിന് നന്ദി പറയാനും അവര്‍ മറന്നില്ല.