പോക്സോ കേസുകളില്‍ പൊലീസിന് കൂടുതല്‍ കരുതല്‍ വേണമെന്ന് ബാലാവകാശ കമ്മീഷന്‍



പോക്സോ കേസുകളില്‍ പൊലീസിന് കൂടുതല്‍ കരുതല്‍ വേണമെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. ബബിത ബല്‍രാജ്.  ജില്ലയിലെ പോക്സോ കേസുകള്‍ സംബന്ധിച്ച അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബബിത ബല്‍രാജ്. പോക്സോ കേസുകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍  കാര്യക്ഷമമായി ഇടപെടുന്നുണ്ട്. എങ്കിലും പൊലീസും ഡോക്ടര്‍മാരും കൂടുതല്‍ കാരുണ്യപൂര്‍വം പെരുമാറണമെന്നും അവര്‍ ഓര്‍മിപ്പിച്ചു. ബാലാവകാശം, ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടികളുടെ അന്തസിനെ ഹനിക്കുന്ന യാതൊരു പെരുമാറ്റവും  ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ പറഞ്ഞു. ബാലാവകാശം സംബന്ധിച്ച നിയമങ്ങളില്‍ വ്യക്തതയുണ്ടാക്കാന്‍ അധ്യാപകര്‍ക്ക് എസ്.സി.ആര്‍.ടി മുഖേന ബോധവത്കരണ ക്ലാസുകളും കൈപ്പുസ്തകവും നല്‍കും. പോക്സോ കേസുകളില്‍ ഇടപെടുമ്പോള്‍ അവലംബിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നേരത്തേ തന്നെ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ശക്തമായി ഇടപെടണം.  മൂന്ന് മാസത്തിലൊരിക്കല്‍ ശിശുസംരക്ഷണ സമിതിയുടെ യോഗം ചേരണമെന്നും  പോക്സോ കോടതികള്‍ കൂടുതല്‍ ബാലസൗഹാര്‍ദപരമാക്കാനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ അംഗങ്ങള്‍ അറിയിച്ചു.

 ജില്ലാ പ്ലാനിങ് ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സി.ഡബ്ല്യു.സി ചെയര്‍മാന്‍ എ. സുരേഷ്, ഡപ്യൂട്ടി കലക്ടര്‍ എം.സി റെജില്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീതാഞ്ജലി, സ്പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂനിറ്റ് ഡി.വൈ.എസ്.പി കെ.സി ബാബു, ജില്ലാ ക്രൈം റെകാര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി സി.ബിനുകുമാര്‍, നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ എ.എസ് ബൈജു, ഡപ്യൂട്ടി ഡി.എം.ഒ ഡോ. കെ.പി അഹമ്മദ് അഫ്സല്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ഷാജി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സെയ്തലവി മങ്ങാട്ടുപറമ്പന്‍, പോക്സോ കോടതി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഐഷ പി ജമാല്‍ എന്നിവര്‍   സംസാരിച്ചു.