നുപൂർ ശർമ്മയെ കൊലപ്പെടുത്താൻ അതിർത്തി കടന്നെത്തിയ പാകിസ്താനി പിടിയിൽ
ന്യൂഡൽഹി: പ്രവാചക പരാമർശത്തിന്റെ പേരിൽ ബി.ജെ.പി മുൻ വക്താവ് നുപൂർ ശർമ്മയെ കൊലപ്പെടുത്താൻ അതിർത്തി കടന്നെത്തിയ പാകിസ്താനിയുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തത് 11 ഇഞ്ച് നീളമുളള മൂർച്ചയേറിയ കത്തി. മതപുസ്തകങ്ങളും ഭൂപടവും വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും കൈയ്യിൽ കരുതിയായിരുന്നു ഇയാൾ കൃത്യ നിർവ്വഹണത്തിന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്.
രാത്രി 11 മണിയോടെ ശ്രീഗംഗാനഗർ ജില്ലയിലെ ഹിന്ദുമാൽകോട്ട് അതിർത്തിയിലെ മുളളുവേലിക്കരികെയാണ് ഇയാളുടെ സംശയകരമായ നീക്കങ്ങൾ ബി.എസ്.എഫ് പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപെട്ടത്. സൈനികരുടെ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരം ഇയാൾ നൽകിയില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കത്തിയും പുസ്തകങ്ങളും ഭൂപടവും മറ്റും പിടിച്ചെടുത്തത്. ഉദയ്പൂർ രീതിയിലുളള കൊലപാതകമാണ് ഇയാൾ ലക്ഷ്യമിട്ടതെന്നാണ് 11 ഇഞ്ച് നീളമുളള കത്തി കണ്ടെടുത്തതിൽ നിന്ന് സംശയിക്കുന്നത്.
തുടർച്ചയായ ചോദ്യം ചെയ്യലിൽ നിന്നാണ് പേര് റിസ്വാൻ അഷ്‌റഫ് എന്നാണെന്ന് ഇയാൾ പറഞ്ഞത്. വടക്കൻ പാകിസ്താനിലെ മാണ്ഡി ബാഹൊദ്ദിൻ സ്വദേശിയാണെന്നും ഇയാൾ വെളിപ്പെടുത്തി. കൃത്യം നടത്തുന്നതിന് മുൻപ് അജ്മീർ ഷെരീഫിലേക്ക് പോകാനായിരുന്നു താൻ ലക്ഷ്യമിട്ടിരുന്നതെന്നും ഇയാൾ പറഞ്ഞതായിട്ടാണ് വിവരം.
ബി.എസ്.എഫ് ഇയാളെ പ്രാദേശിക പോലീസിന് കൈമാറി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കുകയും കൂടുതൽ ചോദ്യം ചെയ്യലിനായി എട്ട് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. ഇയാളിൽ നിന്നും റോയും രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങൾ ശേഖരിക്കും. സൈന്യവും ചോദ്യം ചെയ്യും. ഇന്ത്യയിലേക്ക് കടക്കാൻ ആരാണ് നിർദ്ദേശിച്ചത് എന്നതടക്കമുളള കാര്യങ്ങളാകും ചോദിച്ചറിയുക. ഇന്ത്യയിലെ ഏതെങ്കിലും സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കും.