തൊണ്ടിമുതൽ ആയ ജെട്ടി വെട്ടിതയിച്ച് ലഹരി കേസിൽപ്പെട്ട വിദേശിയെ രക്ഷിച്ച സംഭവം: മന്ത്രി ആന്റണി രാജുവിന് കുരുക്ക് മുറുകുന്നു.
തിരുവനന്തപുരം: കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ലഹരിക്കേസില്‍ കുടുങ്ങിയ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിവസ്തുവില്‍ കൃത്രിമം നടത്തിയ ആന്റണി രാജുവിന് കുരുക്കായത് കയ്യക്ഷരത്തിന്റെ ഫൊറന്‍സിക് പരിശോധനയാണ്.
ഈ സംഭവത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെളിവുകള്‍ പുറത്തുവിടുന്ന മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ ഇമ്മാനുവലാണ് പുതിയ തെളിവുകളും പുറത്തുവിട്ടത്. ആന്റണി രാജു തൊണ്ടിമുതല്‍ വെട്ടിത്തയ്ച്ചു ചെറുതാക്കിയെന്ന് സ്ഥിരീകരിച്ച അടിവസ്ത്രത്തിന്റെ ഫൊറന്‍സിക് പരിശോധനയുടെ ഫലങ്ങള്‍ അനില്‍ ഇമ്മാനുവല്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് കയ്യക്ഷരത്തിന്റെ ഫൊറന്‍സിക് പരിശോധന ഫലവും ചൂണ്ടിക്കാട്ടുന്നത്. തുന്നലിന്റെ സ്വഭാവം മുതല്‍ നൂലിന്റെ പഴക്കം വരെ സൂക്ഷ്മമായി പരിശോധിച്ച് ഫൊറന്‍സിക് വിദഗ്ധന്‍ പി.വിഷ്ണു പോറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് കേസിലെ ആന്റണി രാജുവിന്റെ പങ്ക് അടിവരയിട്ടുറപ്പിക്കുന്നതാണ്. ജുഡീഷ്യറിയുടെ ഭാഗമായൊരു അഭിഭാഷകന്‍ കോടതിയോട് ചെയ്ത ചതി എന്നതിനൊപ്പം കൗതുകവും ഉണര്‍ത്തുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
തൊണ്ടിയായ അടിവസ്ത്രം കൈക്കലാക്കാന്‍ തൊണ്ടി രജിസ്റ്ററില്‍ ഇംഗ്ലീഷില്‍ എഴുതിയൊപ്പിട്ടത് രാജു തന്നെയെന്ന് ഫൊറന്‍സിക് വിദഗ്ധന്‍ സ്ഥിരീകരിച്ചു. ഇതടക്കം സാധ്യമായ എല്ലാ ശാസ്‌ത്രീയ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ആന്റണി രാജുവിനെ പ്രതിചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കിയത്.