Fincat

വിമാനത്തിനുള്ളിലെ കയ്യേറ്റം: ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കെെകാര്യം ചെയ്‌ത എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നിവ ചുമത്തി കേസെടുക്കാനാണ് നിർദ്ദേശം.

1 st paragraph

വലിയതുറ പൊലീസിനാണ് കോടതിയുടെ നിർദേശം. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്‌സണൽ സ്റ്റാഫുകൾക്കെതിരെയും കേസെടുക്കാൻ ഉത്തരവുണ്ട്. ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ പേഴ്‌‌സണൽ സ്റ്റാഫ്‌ അംഗങ്ങളായ അനിൽ കുമാർ, വി.എം.സുനീഷ് എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യുക.

2nd paragraph

ജൂൺ പന്ത്രണ്ടിന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ വിമാനയാത്രയ്‌‌ക്കിടയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ തലശ്ശേരി സ്വദേശി ഫർസീൻ മജീദ്, പട്ടന്നൂർ സ്വദേശി ആർ. കെ. നവീൻ എന്നിവരാണ് വിമാനത്തിൽ പ്രതിഷേധിച്ചത്. ഇവരെ ജയരാജൻ തള്ളി മാറ്റുകയായിരുന്നു.
പ്രതിഷേധിച്ച ഫർസീൻ മജീദ്, ആർ.കെ നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇ.പി.ജയരാജൻ മർദിച്ചുവെന്ന് പരാതിയിൽ പറയുന്നുണ്ട്. പൊലീസിന് നേരത്തെ തന്നെ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.

ഇതിനിടെ, പ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ കഴിഞ്ഞ ദിവസം ഇൻഡിഗോ കമ്പനി ജയരാജന് മൂന്ന് ആഴ്‌ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.