ഇന്‍ഡിഗോയെ വിടാതെ എംവിഡി; നിയമലംഘനത്തിന് മറ്റൊരു ബസിനെതിരേയും നടപടി

കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഒരു ബസിനുകൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂര്‍ വിമാനത്താവളത്തിനകത്ത് സര്‍വ്വീസ് നടത്തുന്ന ബസിനാണ് പിഴ ചുമത്തിയത്. നികുതി അടക്കാത്തതാണ് പിഴ ചുമത്താന്‍ കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. പിഴയായി 37000 രൂപയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അടക്കേണ്ടത്.

ബസ് നിലവില്‍ വിമാനത്താവളത്തിനകത്താണ്. പുറത്തു വന്നാല്‍ മാത്രമേ കസ്റ്റഡിയില്‍ എടുക്കാന്‍ സാധിക്കൂ. വിമാനത്താവളത്തിനകത്ത് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് സാധാരണ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. എന്നാല്‍ ഈ ബസ് നേരത്തെ രജിസ്റ്റര്‍ ചെയ്തതാണ്. മറ്റ് വിമാന കമ്പനികളും സമാനരീതിയില്‍ ചട്ടലംഘനം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

വിമാന യാത്രാക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മറ്റൊരു ബസ് മോട്ടോര്‍ വാഹന വകുപ്പ് നേരത്തേ പിടിച്ചെടുത്തിരുന്നു. നികുതി അടയ്ക്കാതെ സര്‍വ്വീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ഗതാഗത വകുപ്പിന്റെ നടപടി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസിന് ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തി. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‌ലന്‍ഡ് ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നല്‍കൂ എന്ന് ആര്‍ടിഒ അധികൃതര്‍ അറിയിച്ചിരുന്നു.