Fincat

കാലിക്കറ്റ് സർവകലാശാല കാമ്പസിൽ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

മലപ്പുറം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ 12കാരിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. ഇക്കഴിഞ്ഞ രണ്ടിന് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി ജീവനക്കാരൻ അരിയല്ലൂർ പതിനെട്ടാം വീട്ടിൽ എം മണികണ്ഠൻ (38)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ ജെ ആർബി തള്ളിയത്.

1 st paragraph

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തി ക്യാമ്പസിനകത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. 2022 ജൂൺ 29ന് ഉച്ചക്ക് രണ്ടു മണിക്കാണ് കേസിന്നാസ്പദമായ സംഭവം. പീഡന ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയതായും ഗർഭിണിയാകാതിരിക്കാൻ കുട്ടിക്ക് ഗുളിക നൽകിയതായും വിമുക്ത ഭടൻ കൂടിയായ പ്രതിക്കെതിരെ പരാതിയുണ്ട്. അതേ സമയം സെക്യൂരിറ്റി ജീവനക്കാരനെ കുറിച്ചു പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നുണ്ട്.

2nd paragraph

ജോലിസമയത്തായിരുന്നു ഇയാൾ കുറ്റകൃത്യം ചെയ്തത്. കരാർ ജീവനക്കാരനായ പ്രതിയെ പിരിച്ചുവിട്ടതായി സർവകലാശാല അധികൃതർ അറിയിച്ചിരുന്നു. പ്‌ളസ് വൺ പരീക്ഷയ്ക്ക് ശേഷം, സർവകലാശാല കാമ്പസിൽ നിർമ്മാണപ്രവൃത്തി നടക്കുന്നിടത്ത് ഇരിക്കുകയായിരുന്ന പ്രദേശത്തെ സ്‌കൂളിലെ വിദ്യാർത്ഥിനികളുടെ ചിത്രം പ്രതി മൊബൈലിൽ പകർത്തിയിരുന്നു. കുട്ടികളെ പറഞ്ഞയച്ചപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന വിദ്യാർത്ഥിനിയുടെ മൊബൈൽ നമ്പർ വാങ്ങിയ പ്രതി അൽപ്പസമയത്തിന് ശേഷം ഫോണിൽ വിളിച്ച് സ്‌കൂൾ സമയം കഴിഞ്ഞ് കറങ്ങിനടക്കുന്ന ദൃശ്യങ്ങൾ സ്‌കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പെൺകുട്ടിയെ കാമ്പസിനകത്ത് കാടുപിടിച്ചു കിടക്കുന്നിടത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടി ബന്ധുവിനെ വിവരമറിയിച്ചു. കാര്യമറിഞ്ഞ മാതാപിതാക്കൾ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി. തുടർന്നാണു പ്രതിയെ പിടികൂടിയത്. അതേ സമയം സമാനമായി പ്രതി മറ്റു കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതായും പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. പലരും മാനഹാനി ഭയന്ന് പരാതി നൽകാതിരിക്കുകയാണെന്ന സംശയങ്ങളുമുണ്ട്. ഇതിനാൽ പ്രതിക്കെതിരെ കൂടുതൽ അന്വേഷണങ്ങൾ പൊലീസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. പോക്സോ പ്രകാരമാണ് കേസ്.