സോണിയ ഗാന്ധിയെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു; പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു. മൂന്ന് മണിക്കൂറാണ് സോണിയയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.
ഉച്ചയ്ക്ക് 12മണിയോടെ കോൺഗ്രസ് ആസ്ഥാനത്ത് നിന്നും പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം വാഹനത്തിലാണ് സോണിയ ഇ ഡി ഓഫീസാലെത്തിയത്. പാർട്ടി എം പിമാരും പ്രവർത്തക സമിതി അംഗങ്ങളും മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരും സോണിയയെ അനുഗമിച്ചു. ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ച എം പിമാർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. സോണിയ ഇ ഡിക്ക് മുന്നിൽ ഹാജരാകുന്ന സമയം കോൺഗ്രസ് ആസ്ഥാനത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികൾ കോൺഗ്രസ് സംഘടിപ്പിച്ചു.
മുമ്പ് രണ്ടു തവണ ഇ ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും കൊവിഡ് ചൂണ്ടിക്കാട്ടി കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ആദ്യം ജൂൺ എട്ടിന് നോട്ടീസ് നൽകിയപ്പോൾ സോണിയയ്ക്ക് കൊവിഡ് ബാധിച്ചു. തുടർന്ന് ജൂൺ 23ന് നൽകിയപ്പോൾ, കൊവിഡ് ചികിത്സാനന്തരം ശ്വാസകോശ അണുബാധയുണ്ടായി സോണിയ വിശ്രമത്തിലായിരുന്നു. എന്നാൽ, നാലാഴ്ചയ്ക്ക് ശേഷം ഹാജരാകാമെന്ന് സോണിയ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് വീണ്ടും നോട്ടീസ് നൽകിയത്.