സി പി എം മർദ്ദനത്തെത്തുടർന്ന് പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണുമരിച്ചു
സി പി എം മർദ്ദനത്തെത്തുടർന്ന് പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണുമരിച്ചു
കണ്ണൂർ: ആർ എസ്.എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്. ഇന്നലെ പാനുണ്ടയിൽ ഉണ്ടായ സംഘർഷത്തിൽ ജിംനേഷിന് പരിക്കേറ്റിരുന്നു. മർദ്ദനമേറ്റതിനെ തുടർന്നാണ് മരണമെന്ന് ആർ എസ് എസ് ആരോപിച്ചു.
ഇന്നലെ പാനുണ്ടയിൽ സിപിഎം – ആർ എസ് എസ് സംഘർഷം നടന്നിരുന്നു. ഗുരുദക്ഷിണ കഴിഞ്ഞ് മടങ്ങുകയായിരുന്ന നാലു സ്വയം സേവകരെ സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി മർദ്ദിച്ചതായി ആർഎസ്എസ് ആരോപിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ എ ആദർശ്, പി വി ജിഷ്ണു, ടി അക്ഷയ്, കെ പി ആദർശ് എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജിംനേഷിന് പരിക്കേറ്റിരുന്ന എന്നാൽ ഗുരുതരമല്ലെന്ന് പ്രത്യക്ഷത്തിൽ തോന്നാത്തത് മൂലമാണ് ചികിത്സ തേടാതിരുന്നത് എന്നും ബിജെപി ആർഎസ്എസ് നേതൃത്വം പറയുന്നു.
പരിക്കേറ്റവർക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്ന ജിംനേഷ് പുലർച്ചയോടെയാണ് കുഴഞ്ഞുവീണത്. പെട്ടെന്ന് തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ച വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗുരുദക്ഷിണ ഉത്സവത്തിനായി തയ്യാറാക്കിയ കൊടിതോരണങ്ങൾ നശിപ്പിച്ച സി പി എം പ്രവർത്തകർ അകാരണമായി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. പരിക്കേറ്റവരെ ബി ജെ പി ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് സന്ദർശിച്ചു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന മേഖലയിൽ ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു
എന്നാൽ ബാലസംഘം പിണറായി ഏരിയാ സമ്മേളന നഗരിക്ക് നേരെ ആർ എസ് എസ് അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് സിപിഎം ആരോപണം. സിപിഎം എരുവട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും എസ് എഫ് ഐ ഏരിയ സെക്രട്ടറിയുമായ കെ നിവേദ്, സിപിഎം പ്രവർത്തകൻ സി രംനേഷ് എന്നിവർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. എരുവട്ടി പാനുണ്ടയിൽ ഞായറാഴ്ച വൈകിട്ട് 5.45 ഓടെയാണ് സംഭവം.
ബാലസംഘം പിണറായി ഏരിയ സമ്മേളനം നടന്ന പാനുണ്ട സ്കൂളിന് മുന്നിൽ പത്തോളം പേരാണ് അക്രമം നടത്തിയത് എന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് സിപിഎം പ്രവർത്തകർ പിണറായി പൊലീസിൽ പരാതി നൽകി. ആർഎസ്എസ് പ്രവർത്തകരായ ജിംനേഷ്, ഷിനോജ്, നിഷാന്ത്, ആദർശ് എന്നിവരുടെ നേതൃത്വത്തിൽ വാളും ഇരുമ്പ് വടിയുമുൾപ്പടെയുള്ള മാരകയുധങ്ങളുമായി എത്തിയ സംഘം സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും സ്കൂളിന് സമീപം സ്ഥാപിച്ച കൊടിതോരണങ്ങളും കവാടവും തകർക്കുകയും കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും റോഡിലുണ്ടായിരുന്ന സിപിഎം പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു എന്നാണ് പരാതി. കുട്ടികളുടെ സമ്മേളനം അലങ്കോലപ്പെടുത്തി നാട്ടിൽ കലാപം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് ഉണ്ടായതെന്ന് സിപിഎം എരുവട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.