കാത്തിരുന്ന കൺമണിയെ ഒരുനോക്ക് പോലും കണ്ടില്ല; കുഞ്ഞ് പിറക്കുന്നതിന് തൊട്ടുമുമ്പ് അപകടം, യുവാവിന് ദാരുണാന്ത്യം
തൃശൂർ : പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ കാണാന്‍ ഇറങ്ങിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ശരത്താണ് (30) മരിച്ചത്. ശരത്തിന്റെ ഭാര്യയെ പ്രസവത്തിനായി കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെയാണ് പ്രസവതീയതി പറഞ്ഞിരുന്നത്. ഇതിനായി വീട്ടില്‍ നിന്നും സാധനങ്ങള്‍ എടുത്ത് ആശുപത്രിയിലേക്ക് ഇറങ്ങിയതായിരുന്നു ശരത്ത്.
ശരത്തും സുഹൃത്ത് അനുരാഗും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വീട്ട് വെട്ടികടവ് റോഡില്‍ പള്ളിക്ക് സമീപമുള്ള പോസ്റ്റിലിടിച്ച ശേഷം മതിലില്‍ ഇടിക്കുകയായിരുന്നു. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഗുരുതര പരുക്കേറ്റ മങ്ങാട് ആന ചത്തങ്ങാടി ചൂല്‍പുറത്ത് വീട്ടില്‍ പ്രകാശന്‍ മകന്‍ അനുരാഗ് (19) ചികിത്സയിലാണ്.
പഴഞ്ഞി ചിറക്കല്‍ സെന്ററില്‍ മൊബൈല്‍ ഷോപ്പ് നടത്തിവരികയായിരുന്നു ശരത്ത്. ശരത്തിന്റെ ഭാര്യ നമിതയ്ക്ക് സിസേറിയനിലൂടെ ആണ്‍കുഞ്ഞ് പിറന്നു. വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ ഒരുനോക്ക് പോലും കാണാനാകാതെ ശരത്ത് പോയ വിവരം എങ്ങനെ നമിതയെ അറിയിക്കുമെന്ന സങ്കടത്തിലാണ് കുടുംബം. നിര്‍മാണം പൂര്‍ത്തിയാകാത്ത റോഡില്‍ മെറ്റലിട്ട ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ശരത്തിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാലകൃഷ്ണനാണ് ശരത്തിന്റെ അച്ഛൻ, അമ്മ ഷീല.