ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തിരിമറി നടന്നെന്ന് പരാതി

തിരുവനന്തപുരം: അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തിരിമറി നടന്നെന്ന് പരാതി. ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനെതിരെയാണ് ആരോപണം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റികൾ സി പി എം നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

പി.ബിജുവിന്റെ ഓര്‍മയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് റെഡ് കെയര്‍ സെന്ററും ആംബുലന്‍സ് സര്‍വീസും ആരംഭിക്കുന്നതിന് വേണ്ടിയാണ് ഫണ്ട് പിരിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഡി വൈ എഫ് ഐ പാളയം ഏരിയാ കമ്മിറ്റിയാണ് ഫണ്ട് പിരിവിന് നേതൃത്വം നല്‍കിയത്.

ഒരു വർഷം മുൻപ് പൊതുജനങ്ങളിൽനിന്നായി പിരിച്ച 11 ലക്ഷത്തിലധികം രൂപ മേൽക്കമ്മിറ്റിക്കു കൈമാറിയിരുന്നു. ഇതില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ ആംബുലന്‍സ് വാങ്ങാനായി നീക്കിവച്ചു. ഈ തുക വകമാറ്റി ചെലവഴിച്ചെന്നാണ് പരാതി. ആംബുലന്‍സ് വാങ്ങാനായി പണം മാറ്റിവച്ച സമയത്ത് പാളയം ലോക്കൽ സെക്രട്ടറിയായിരുന്ന ഷാഹിനാണ് പണം കൈവശം വച്ചിരുന്നത്. ഷാഹിൻ പിന്നീട് ജില്ലാ വൈസ് പ്രസിഡന്റായി. സംഭവത്തിൽ നേതൃത്വം ഇടപെട്ടതോടെ ഇതിൽ രണ്ടു ലക്ഷത്തോളം രൂപ പല തവണയായി കൈമാറിയെന്നും റിപ്പോർട്ടുണ്ട്. സംഭവം അതീവ ഗൗരവത്തോടെയാണ് സി പി എം കാണുന്നത്. അതിനാൽ ഇക്കാര്യത്തിൽ കർശന നടപടി ഉണ്ടാകുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന.