ലോറിയിൽ ക്ലീനറായിരുന്ന ഷൈബിന്‍ കോടികളുടെ ആസ്തിക്കാരനായത് ഫസ്‌നയുടെ വിവാഹത്തോടെ; പരമ്പര്യവൈദ്യന്റെ കൊലപാതക കേസില്‍ പിടിയിലായ ദമ്പതികളുടെ ലക്ഷ്യം ആഡംബര ജീവിതം
മലപ്പുറം: ലോറി ക്ലീനറായി നടന്നിരുന്ന ഷൈബിന്‍ അഷ്‌റഫ് 350കോടിയുടെ ആസ്തിക്കാരനായത് ഫസ്‌നയെ വിവാഹം ചെയ്തതോടെ. നിലമ്പൂരില്‍ ഔഷധക്കൂട്ട് അറിയാന്‍ പാരമ്പര്യവൈദ്യനെ തട്ടിക്കൊണ്ടുവന്നു വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ദമ്പതികളുടെ ലക്ഷ്യം ആഡംബര ജീവിതം മാത്രം. കേസില്‍ മുഖ്യപ്രതിയായ ഷൈബിന്‍ അഷ്‌റഫ്(35) അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സഹായിച്ചതിന് ഭാര്യ ഫസ്നയും(28) പിടിയിലായത്. ഷൈബിന്‍റെ എല്ലാ കൊള്ളരുതായ്മകള്‍ക്കും ഫസ്‌നയുടെ സഹായങ്ങള്‍ ലഭിച്ചതായാണ് പോലീസ് സംശയിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. എട്ടുവര്‍ഷം മുമ്പായിരുന്നു വിവാഹം. ഷെബിന്‍റെ മാതാവിന്‍റെ വീട് വയനാടായിരുന്നു. ഇരുവര്‍ക്കും ഒരു കുഞ്ഞാണുള്ളത്. കൊലനടത്തിയ അന്നേ ദിവസം രാത്രി പന്ത്രണ്ടോടെ ആ വീട്ടില്‍ വച്ച് ഷൈബിനും ഭാര്യ ഫസ്നയും ഏക മകന്‍റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു.
350 കോടിയുടെ സ്വത്ത്
ഇവരുടെ സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള വിവരങ്ങളും എല്ലാവരെയും ഞെട്ടികയാണ്. 350 കോടിയോളം രൂപയുടെ സ്വത്ത് ഇയാള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസിന്‍റെ കണക്ക്. ഇത് ഏതു വഴിയിലാണ് സമ്പാദിച്ചത് എന്ന കാര്യത്തിലാണ് സംശയം നിലനില്‍ക്കുന്നത്. ഫസ്‌നയെ വിവാഹം ചെയ്തതോടെയാണ് ഷൈബിന്‍ അഷ്റഫ് അതിസമ്പന്നനായി വളര്‍ന്നത്. നിരവധി ആഡംബര വാഹനങ്ങളുമുണ്ട് ദമ്പതികൾക്ക്. നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടി രൂപക്കാണ്.
ആഡംബര വസതികൾ
ബത്തേരിയില്‍ ലോറിയിലെ ക്ലീനറായിരുന്ന ഷൈബിന്‍ ഇടയ്ക്ക് ഓട്ടോറിക്ഷയും ഓടിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. പിന്നീട് മാതാവ് ജോലി തേടി ഗള്‍ഫിലേക്കു പോയി. ഇതിനു ശേഷമാണ് ഷൈബിനും ഗള്‍ഫിലെത്തിയത്. ഈസമയത്തായിരുന്നു വിവാഹം. പിന്നീട് പൊടുന്നനെയായിരുന്നു സാമ്പത്തിക വളര്‍ച്ച.
ഷൈബിന്‍റെ നിലമ്പൂരിലെ വീടും ബത്തേരിയില്‍ നിര്‍മ്മാണത്തിലുള്ള ആഡംബര വസതിയും കൂറ്റന്‍ മതില്‍ കെട്ടിനുള്ളിലാണ്. ബത്തേരിയില്‍ ഷൈബിന് 2 വീടുകളുണ്ട്. കൂടാതെ താമരശ്ശേരി ഈങ്ങാപ്പുഴയില്‍ ബിസിനസ് പ്രൊജക്ടും ഉണ്ട്. സാധാരണ കുടുംബത്തിലാണ് ഷൈബിന്‍ ജനിച്ചത്. പിതാവ് മെക്കാനിക്കായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസവും കംപ്യൂട്ടര്‍ ജ്ഞാനവും മാത്രം കൈമുതലുള്ള 35കാരന്‍റെ സാമ്പത്തിക വളര്‍ച്ചക്കുപിന്നിലെ രഹസ്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
അബുദാബിയിൽ ഡീസല്‍ കച്ചവടം
അബൂദാബിയില്‍ ഡീസല്‍ വ്യാപാരത്തിലാണ് തുടക്കം. അബുദാബിയില്‍ സ്വന്തമായി റസ്റ്ററന്‍റുണ്ട്. ഇപ്പോള്‍ അബുബാദിയിലേക്ക് പോകാറില്ല. പ്രവേശന വിലക്കുള്ളതായാണ് പോലീസിന് ലഭിച്ച വിവരം. കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയതാണെന്ന സംശയം അടക്കം നിലനില്‍ക്കുന്നുണ്ട്. വടംവലി മത്സരവുമായി ബന്ധപ്പെട്ട് ഒരാളെ മര്‍ദിച്ചതിന് ഷൈബിന്‍, കൂട്ടുപ്രതി ഷിഹാബുദ്ദീന്‍ എന്നിവര്‍ക്കെതിരെ ബത്തേരി പോലീസില്‍ കേസുണ്ട്. അടുത്തിടെ നഷ്ടപരിഹാരം നല്‍കി ഈ കേസ് ഒത്തുതീര്‍പ്പാക്കി.
യുവാക്കളെ ഗൾഫിൽ കൊണ്ടുപോയി
ഏഴു വര്‍ഷം മുന്‍പ് ബത്തേരി പുത്തന്‍കുന്നില്‍ ഊട്ടി റോഡരികില്‍ ആഡംബരവസതിയുടെ നിര്‍മ്മാണം ഷൈബിന്‍ ആരംഭിച്ച സമയത്ത് അബുദാബിയില്‍ അറബിക്കൊപ്പം ഡീസല്‍ കച്ചവടമെന്നാണു അറിയുന്നവരോട് പറഞ്ഞിരുന്നത്. ഇതെല്ലാം പല സംശയങ്ങള്‍ക്കും ഇടനല്‍കിയിരുന്നു. ഹൂതി വിമതര്‍ക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാട് എന്നു പറയപ്പെടുന്നു. അതോടൊപ്പം നാട്ടുകാരെ സഹായിക്കാനും എത്തി. യുവാക്കളെ ഗള്‍ഫില്‍ കൊണ്ടു പോയി. വിശ്വസ്തര്‍ക്ക് കാറും ബൈക്കും സമ്മാനിച്ചു. ചിലര്‍ക്ക് വയനാട്ടില്‍ മീന്‍കടകളും സജ്ജീകരിച്ചു നല്‍കി. ഇവരെ ചേര്‍ത്ത് ഗുണ്ടാ സംഘമുണ്ടാക്കി. ബത്തേരി പോലീസിന്‍റെ ഗുണ്ടാ പട്ടികയിലുള്ള സീസിങ് ജോസിന്‍റെ സംഘവുമായുള്ള അടിപിടികളിലൂടെ ഷൈബിന്‍ ക്വട്ടേഷന്‍ ബന്ധങ്ങളും തുടങ്ങി. നാട്ടില്‍ ഷൈബിന്‍റെ ഉറ്റവരായി 30 ഓളം പേരാണുണ്ടായിരുന്നത്. ഇവരെ പല ബിസിനസുകളും ഏല്‍പ്പിച്ചു.
കുറ്റങ്ങൾ സമ്മതിച്ച് ഫസ്ന
അതേ സമയം കേസില്‍ അറസ്റ്റിലായ ഷൈബിന്‍ അഷ്റഫിന്‍റെ ഭാര്യ ഫസ്ന താന്‍ ചെയ്ത കുറ്റങ്ങളെല്ലാം ചോദ്യംചെയ്യലില്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. പാരമ്പര്യ വൈദ്യന്‍ ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞതെല്ലാം താന്‍ അറിഞ്ഞിരുന്നുവെന്നും. കൂട്ടുപ്രതികളായ സുഹൃത്തുക്കളേയും രക്ഷിക്കാനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും 28കാരിയായ വയനാട് മേപ്പാടി പൂളവയല്‍ ഫസ്ന ചോദ്യംചെയ്യിലില്‍ പോലീസിനോടു പറഞ്ഞു.