സോണിയ ഗാന്ധിയും സ്മൃതി ഇറാനിയുടെയും ഉഗ്രൻ വാക്പോര് പാർലമെന്റിൽ

ന്യൂഡൽഹി: പാർലമെന്റിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മിൽ വാക്‌പോര്. രാഷ്‌ട്രപതി ദ്രൗപതി മുർമ്മുവിനെ രാഷ്‌ട്രപത്നി എന്ന് കോൺഗ്രസ് എം പി അധീർ രഞ്ജൻ ചൗധരി സംബോധന ചെയ‌്തതിൽ പ്രതിഷേധിച്ച് രാവിലെ സഭ പ്രക്ഷുബ്‌ധമായിരുന്നു. കോൺഗ്രസും സോണിയാ ഗാന്ധിയും ദളിത് ആദിവാസി വിഭാഗങ്ങൾക്ക് എതിരാണെന്നും, മുർമ്മുവിനെതിരായ പരാമർശത്തിൽ സോണിയാഗാന്ധി കൂട്ടുനിന്നുവെന്നും അവർ മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ലോക് സഭയിൽ ആവശ്യപ്പെട്ടു.

ഇതിന് മറുപടിയായി അധീർ രഞ്ജൻ ചൗധരിക്ക് പറ്റിയ നാക്കുപിഴയാണെന്നും അതിലദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോണിയാഗാന്ധി പ്രതികരിച്ചുവെങ്കിലും വിടാൻ സ്മൃതി ഒരുക്കമായിരുന്നില്ല. ലോക്‌സഭ പിരിഞ്ഞതിനു ശേഷം ബി ജെ പി എം പി രമാ ദേവിയോട് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാൻ സോണിയ എത്തി. ആ സമയം അവിടേക്കു വന്ന സ്മൃതി, താനാണ് സോണിയയുടെ പേര് സഭയിൽ ഉയർത്തിയതെന്നും, എന്താണ് വേണ്ടതെന്നും ചോദിച്ചു. ഇതിൽ പ്രകോപിതയായ സോണിയ, തന്നോട് സംസാരിക്കരുതെന്ന് കേന്ദ്രമന്ത്രിയോട് പറഞ്ഞു.

അരിശം വന്ന സ്മൃതി ,ഇത് നിങ്ങളുടെ പാർട്ടി ഓഫീസ് അല്ലെന്നും, ഇത്തരത്തിൽ സംസാരിക്കുന്നത് നല്ലതല്ലെന്നും സോണിയയോട് പറഞ്ഞു. ഇതിന് മറുപടിയായി നിങ്ങളോടല്ല ഞാൻ സംസാരിക്കുന്നതെന്ന് സോണിയയും തിരിച്ചടിച്ചു. തുടർന്ന് സാഹചര്യം വഷളാകുമെന്ന് വന്നതോട് പാർലമെന്ററി കാര്യവകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷി എത്തി രംഗം തണുപ്പിക്കുകയായിരുന്നു.