Fincat

യുഎഇയില്‍ കനത്ത മഴ; പ്രളയത്തില്‍ ഏഴ് പ്രവാസികൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയം

യു.എ.ഇയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 7 പ്രവാസികള്‍ മരിച്ചതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. നേരത്തെ കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരണസംഖ്യ പുതുക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച റാസൽഖൈമ, ഷാർജ, ഫുജൈറ എമിറേറ്റുകളിൽ ഫീൽഡ് യൂണിറ്റുകൾ ഇപ്പോഴും ഒഴിപ്പിക്കൽ നടത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

1 st paragraph

30 വർഷത്തിനിടെ യു.എ.ഇയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഈ മാസമാണെന്ന് കാലാവസ്ഥാ വിദ​ഗ്ധർ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് 3,897 പേരെ ഷാർജയിലെയും ഫുജൈറയിലെയും ഷെൽട്ടറുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

2nd paragraph

വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്ന സന്നദ്ധപ്രവർത്തകരും ശുചീകരണ സംഘങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുകയാണ്. ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

വെള്ളപ്പൊക്കത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കണമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹോട്ടലുകളോട് ആവശ്യപ്പെട്ടു.
ഫുജൈറയിൽ റോഡുകളും വീടുകളും വെള്ളത്തിലായതോടെ പലരും ഹോട്ടലുകളിലേക്കും മറ്റും താമസം മാറിയിട്ടുണ്ട്. ഇത്തരക്കാരിൽ നിന്ന് അധികവാടക വാങ്ങരുതെന്ന് ഫുജൈറ ഭരണകൂടം അറിയിച്ചു.

ഏതാനും ദിവസങ്ങൾ കൂടി മഴ തുടരുമെന്നതിനാൽ യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 10.30 മുതൽ വ്യാഴാഴ്ച രാവിലെ 9.18 വരെ 234.9 മില്ലിമീറ്റർ മഴയാണ് ഫുജൈറ പോർട്ടിൽ ലഭിച്ചത്. അതേസമയം, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ മഴയുടെ തീവ്രത കുറവാണ്.

മഴ തുടരുന്നത് കണക്കിലെടുത്ത് വാഹനയാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ഖോര്‍ഫക്കാനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ അല്‍ ഷുഹൂബ് റെസ്റ്റ് ഏരിയ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടുമെന്ന് ഷാര്‍ജ റോഡ്‌സ് ഏന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.