എ കെ ജി സെന്റർ ആക്രമണം; ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ഹർജി
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർജി. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ആവശ്യം. പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ് ഹർജിക്കാരൻ. കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി ഇരുവർക്കുമെതിരെ കേസെടുക്കാൻ നിർദേശം നൽകണം എന്നാണ് ഹർജിയിലെ ആവശ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. ഹർജിയിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും.
അതേസമയം, സിപിഎം ആസ്ഥാനമായ എകെജി സെന്ററിൽ ആക്രമണം നടന്നിട്ട് ഇന്ന് ഒരുമാസം പിന്നിടുമ്പോഴും പ്രതിയെ പിടിക്കാനാകാതെ പൊലീസ് വലയുകയാണ്. ജൂൺ 30ന് രാത്രി 11.45ഓടെയാണ് സ്കൂട്ടറിൽ എത്തിയ അജ്ഞാതൻ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. പൊലീസ് കാവലിലുള്ള കെട്ടടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചായിരുന്നു സ്ഫോടക വസ്തു എറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനെ ലഭിച്ചെങ്കിലും പ്രതിയെ മാത്രം പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിനോടകം പൊലീസ് അമ്പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തോളം ഫോൺ രേഖകളും പരിശോധിച്ചു കഴിഞ്ഞു. എന്നാൽ, പടക്കമേറ് പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് എസ് പി എസ് മധുസൂദനനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
ഉഗ്രസ്ഫോടന ശേഷിയില്ലാത്ത പടക്കം പോലുള്ള വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് ഫോറൻസിക്ക് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തു നിന്ന് ലോഹച്ചീളുകളോ, കുപ്പിച്ചില്ലുകളോ ഒന്നു ലഭിച്ചിട്ടില്ല. കുറച്ച് ഗൺപൗഡറിന്റെ അംശം മാത്രമാണ് ഫോറൻസിക്ക് വിദഗ്‌ദ്ധർക്ക് ഇതുവരെയായും ലഭിച്ചിട്ടുള്ളത്. പ്രതിയിലേക്ക് എത്തുന്നതിലുള്ള സൂചനകളൊന്നും പൊലീസിന് ലഭിക്കാത്തതിനെ തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.