കരിപ്പൂരിൽ വൻ സ്വർണവേട്ട; ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരൻ പിടിയിൽ
കരിപ്പൂർ: ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാനക്കമ്പനി ജീവനക്കാരൻ കരിപ്പൂരിൽ പിടിയിലായി. 2647 ഗ്രാം സ്വർണമിശ്രിതവുമായെത്തിയ ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമിനെ സിഐഎസ്‌എഫാണ് പിടികൂടിയത്.

വിദേശത്തുനിന്ന് നാട്ടിലെത്തിയ യാത്രക്കാരിൽ നിന്ന് സ്വർണം വാങ്ങി ഏജന്റിനെ ഏൽപ്പിക്കാനായി വിമാനത്താവളത്തിന് പുറത്തേയ്ക്ക് പോകുന്നതിനിടെയാണ് ഷമീമിനെ സിഐഎസ്‌എഫ് പിടികൂടിയത്. ജീവനക്കാർക്ക് മാത്രം പുറത്തേയ്ക്ക് പോകാനുള്ള വഴിയിലൂടെയാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണമിശ്രിതം കണ്ടെത്തുകയായിരുന്നു.

വിപണിയിൽ ഒരു കോടി രൂപയോളം ഇതിന് വിലവരും. സ്വർണം കൈമാറിയ വ്യക്തിയെയും കൈപ്പറ്റാൻ എത്തിയ ആൾക്കുമായുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഷമീമിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.