കുപ്രസിദ്ധ മോഷ്ടാവ് നിലമ്പൂർ പോലീസിന്റെ പിടിയിൽ
നിലമ്പൂർ: കുപ്രസിദ്ധ മോഷ്ടാവ് കോട്ടയം പനച്ചിപ്പാറ സ്വദേശി സുരേഷ് എന്ന പനച്ചിപ്പാറ സുരേഷിനെ നിലമ്പൂരിൽ വെച്ച് പിടികൂടി. മുപ്പതോളം മോഷണ കേസ്സിൽ പ്രതിയായ സുരേഷ് കൂത്താട്ടുകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ ജയിലിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. കോട്ടയം രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെന്നീര എന്ന സ്ഥലത്ത് ജൂലൈ 23 ന് രാത്രി മോഷണ ശ്രമം നടത്തിയ സുരേഷ് CCTV ക്യാമറ കണ്ട് പിന്തിരിയുകയായിരുന്നു.

ഈ സമയം വീട്ടുക്കാർ കുടുംബസമേതം അമേരിക്കയിലായിരുന്നു. ചോക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച് 30 വർഷത്തോളമായി സുരേഷ് ചോക്കാട്, വണ്ടൂർ, പൂക്കോട്ടുംപാടം തുടങ്ങിയ സ്ഥലങ്ങളിൽ വാടകക്കു താമസിച്ചു വരികയായിരുന്നു.

പോലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സുരേഷിനെ നിലമ്പൂർ ബസ് സ്റ്റാൻഡിൽ വെച്ച് നിലമ്പൂർ ഡാൻസാഫ് സ്ക്വാഡ് പിടികൂടുകയായിരുന്നു. സുരേഷിനെ പിന്നീട് രാമപുരം പോലീസിന് കൈമാറി.
