ബിപി അങ്ങാടിയിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഹരി നമ്പൂതിരിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു;
മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം. അരീക്കോട് പെരിഞ്ചേരി സ്വദേശി ഹരി നമ്പൂതിരിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ബിപി അങ്ങാടി പെട്രോൾ പമ്പിന് സമീപത്ത്വെച്ചാണ് അപകടം നടന്നത്. ശരീരത്തിലൂടെ ടോറസ് ലോറി കയറിയ ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. തിരൂർ ഭാഗത്തുനിന്ന് ചമ്രവട്ടം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറി ഇദ്ദേഹം സഞ്ചരിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റിൽ വന്ന് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഹരി നമ്പൂതിരിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. മരണപ്പെട്ട ഹരി നമ്പൂതിരി തെക്കുംമുറി പാട്ടുപറമ്പ് ക്ഷേത്രത്തിലെ പൂജാരിയായയാണ്. മൃതദേഹം തുടർനടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെനിന്ന് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

എന്നാൽ ഇദ്ദേഹത്തെ ഇടിച്ചിട്ട് നിർത്താതെ പോയ ടോറസ് ലോറി തിരൂർ സി.ഐ യുടെ നേതൃത്വത്തിൽ പിൻ തുടർന്ന് തിരൂർ ചമ്രവട്ടം ഭാഗത്ത് വെച്ച് പിടികൂടി. തുടർന്ന് ലോറിയുടെ ഡ്രൈവർ തൃശൂർ മാള സ്വദേശിയായ ഡ്രൈവറേയും വാഹനവും തിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം അപകടം നടന്ന സ്ഥലം തിരൂർ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെള്ളമടിച്ച് ശുചീകരണം നടത്തി.