Fincat

ഇന്നും അതി തീവ്രമഴ; രണ്ട് മൃതദേഹം കണ്ടെടുത്തു, ചാലക്കുടിപ്പുഴയില്‍ കാട്ടാന കുടുങ്ങി

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്തമഴ തുടരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ നെടുംപുറംചാലില്‍ വെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടരവയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തു. കോട്ടയം കൂട്ടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ റിയാസ് എന്നയാളുടെ മൃതദേഹവും കണ്ടെത്തി. കോട്ടയം പാലാനഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കേരളത്തില്‍ ഇന്നു മുതല്‍ ഓഗസ്റ്റ് അഞ്ചു വരെയുള്ള ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ (64.5 മില്ലിമീറ്റര്‍- 115.5 മില്ലി മീറ്റര്‍) മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ ഓഗസ്റ്റ് നാലു വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്ത അല്ലെങ്കില്‍ അതി തീവ്ര മഴയ്ക്കും( 204 മില്ലി മീറ്റര്‍ കൂടുതല്‍) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.