സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് തട്ടിപ്പ്; മഞ്ചേരി സ്വദേശി പിടിയിൽ

മലപ്പുറം: ജില്ലയുടെ പല ഭാഗത്തും മുൻപ് വ്യാജ ടെലഫോൺ എക്സ്ചേഞ്ച് സംവിധാനം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നവരെ പോലീസ് പിടികൂടിയിരുന്നു. പക്ഷേ തട്ടിപ്പ് വീണ്ടും തുടരുന്ന സാഹചര്യത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേരി പൂക്കുളത്തൂര്‍ പുറക്കാട് സ്വദേശി തയ്യില്‍ ഹുസൈന്‍ (31) പിടിയിലായത്. ഇയാൾ ജില്ലയിലും പുറത്തും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം. സന്തോഷ് കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം.ബിജു, കൊളത്തൂര്‍ സിഐ. സുനില്‍ പുളിക്കല്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചെഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാപോലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി സന്തോഷ് കുമാറിന്റേയും കൊളത്തൂര്‍ സി.ഐ സുനില്‍ പുളിക്കലിന്റേയും നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് ഹുസ്സൈൻ വലയിലായത്. കൊളത്തൂര്‍ കുറുപ്പത്താല്‍ ടൗണിന് സമീപം വാടകമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചെഞ്ചും നടത്തിപ്പുകാരനായ തയ്യില്‍ ഹുസൈനേയും തിങ്കളാഴ്ച പുലര്‍ച്ചെയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് താമസിക്കാനെന്ന വ്യാജേന വാടകമുറിയെടുത്ത് ഒരു മാസത്തിലധികമായി സമാന്തര എക്സ്ചേഞ്ച് നടത്തിവരികയാണെന്ന് പോലീസിനോട് സമ്മതിച്ചു.

ഇന്‍റര്‍നാഷണല്‍ കാളുകള്‍ റൂട്ടര്‍ ഡിവൈസ് ഫിറ്റ് ചെയ്ത് നിയമലംഘനം നടത്തി ലോക്കല്‍ കാളുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ സഹിതമാണ് പ്രതിയെ പിടികൂടിയത്. ഇതിന് സഹായിക്കുന്ന സിംകാര്‍ഡുകള്‍, റൂട്ടര്‍ ഡിവൈസുകള്‍, എന്നിവയും ഇന്‍വെര്‍ട്ടര്‍ സിസ്റ്റവുമുള്‍പ്പടെയുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. ഇത്തരത്തില്‍ നിയമലംഘനം നടത്തി ഇന്‍റര്‍നാഷണല്‍ കാളുകള്‍ ഡൈവേര്‍ട്ട് ചെയ്ത് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍റെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം. സന്തോഷ് കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം.ബിജു, സി.ഐ.സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. ടി.കെ.ഹരിദാസ്, വനിതാ എ.എസ്.ഐ.ജ്യോതി, സീനിയർ സിവിൽ പോലീസ് ഓഫീസർ ബൈജുകുര്യാക്കോസ്, വിനോദ്, ഷിബു, സുബ്രഹ്മണ്യന്‍, സുകുമാരന്‍, സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ ബിജു, ഷൈലേഷ്, വൈശാഖ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ്. അറിയിച്ചു. രാജ്യ സുരക്ഷക്ക് തന്നെ വലിയ വെല്ലുവിളിയാണ് ഇത്തരം എക്സേഞ്ചുകള്‍ ഉണ്ടാക്കുന്നത്. രാജ്യത്തില്‍ ആഭ്യന്തരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വിദേശത്ത് ബന്ധപ്പെടാന്‍ സുരക്ഷിതമാര്‍ഗ്ഗം ഇത്തരം എക്സേഞ്ചുകള്‍ ഒരുക്കുന്നു.

പലപ്പോഴും നിരീക്ഷണ സംവിധാനങ്ങളെ വിദഗ്ധമായി കബളിപ്പിക്കാന്‍ അന്താരാഷ്ട്ര കോളുകള്‍ ‘ലോക്കലാക്കി’ മാറ്റുന്ന ഈ സംവിധാനത്തിന് സാധ്യമാകും. അതിന് പുറമെ ഇതുവഴി ഉള്ള വിളികൾ ഒന്നും കണ്ടെത്താനും സാധിക്കില്ല. നിയമ സംവിധാനങ്ങൾക്കും സുരക്ഷ ഉദ്യോഗസ്ഥർക്കും ഇവ തിരിച്ചറിയാനും വീണ്ടെടുക്കാനും സാധിക്കില്ല. അതിനാല്‍ തന്നെ അതീവ ഗൗരവമായ സുരക്ഷ പ്രശ്നം ആണ് സമാന്തര എക്സേഞ്ചുകള്‍ തീർക്കുന്നത്.