പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് വെള്ളിയാഴ്ച

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റിന്റെ സമയം ദീർഘിപ്പിച്ചതിനാലാണ് മാറ്റം. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം നാളെയായിരുന്നു അലോട്ട്‌മെന്റ് വരേണ്ടിയിരുന്നത്.

വെള്ളിയാഴ്ചയാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് വന്നെങ്കിലും വെബ്സൈറ്റിലെ തകരാർ മൂലം വിദ്യാർഥികൾക്ക് ഫലമറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് മന്ത്രി തന്നെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ അപ്പോഴേക്കും കുട്ടികളുടെ ഒരു ദിവസം നഷ്ടമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ അലോട്ട്മെന്റ് പരിശോധിക്കാനോ ഓപ്ഷനുകളിലുൾപ്പെടെ മാറ്റം വരുത്താനോ കഴിയില്ലെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. ഇതോടെ ഇന്നലെ വൈകുന്നേരം വരെ സമയം നീട്ടി നൽകുകയായിരുന്നു.

ആഗസ്റ്റ് 22ന് ക്ലാസുകൾ ആരംഭിക്കാനുള്ള ക്രമീകരണമാണ് നടത്തുന്നത്. ആഗസ്റ്റ് അവസാനത്തോടെ പ്രവേശന നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആദ്യ അലോട്ട്‌മെന്റിൽ തന്നെ അധിക താൽക്കാലിക ബാച്ചുകളിലേക്കും അധിക സീറ്റുകളിലേക്കുമുള്ള അലോട്ട്‌മെന്റ് നടത്തും. ഇതു വഴി അർഹതപ്പെട്ട എല്ലാവർക്കും പ്രവേശനം ഉറപ്പാക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.