ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ, എട്ട് ജില്ലകളില്‍ റെഡ് അലെര്‍ട്ട്
തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്സ് ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും, ഷീയര്‍ സോണിന്റെയും, അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ ഓഗസ്റ്റ് നാല് മുതല്‍ ഏട്ട് വരെ ശക്തമായ മഴക്കും ഓഗസ്റ്റ് അഞ്ചിന് ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട് , വയനാട് , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാവേണ്ടതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാമ്പുകളിലേക്ക് മാറണം.