ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം; മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിര്‍ദ്ദേശം; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും ഇത് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒഡിഷ – വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറി. അടുത്ത 48 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയില്‍ ഒഡിഷ – ഛത്തീസ്ഗഡ് മേഖലയിലുടെ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മധ്യ-കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനം മൂലം
കേരളത്തില്‍ ഓഗസ്റ്റ് ഏഴ് മുതല്‍ 11 വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്

07-08-2022: കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട്

08-08-2022: കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട്

09-08-2022: കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട്

10-08-2022: തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട്

11-08-2022: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാല്‍ യാതൊരു കാരണവശാലും ആരും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ 07-08-2022 മുതല്‍ 10-08-2022 വരെയും, കര്‍ണാടക തീരങ്ങളില്‍ 07-08-2022 മുതല്‍ 11-08-2022 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ 07-08-2022 മുതല്‍ 10-08-2022 വരെയും കര്‍ണാടക തീരങ്ങളില്‍ 07-08-2022 മുതല്‍ 11-08-2022 വരെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്..

കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) 08-08-2022 രാത്രി 11.30 വരെ 3.5 മുതല്‍ 3.7 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണം.