കരിപ്പൂരിൽ വിമാനം ഇറങ്ങിയ പ്രവാസിയെ കാണാതായി പരാതി; സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയെന്ന് സംശയം
കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ നാദാപുരത്ത് കാരനായ പ്രവാസിയെ കാണാതായതായി പരാതി. ചാലപ്പുറം ചക്കരക്കണ്ടിയിൽ അനസിനെയാണ് കാണാതെയായത്. ഇയാളെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയെന്നാണ് സംശയം.

ഖത്തറിലായിരുന്ന അനസ് ജൂലൈയിൽ നാട്ടിലെത്തിയിരുന്നു. കരിപ്പൂരിൽ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് അനസിനെ കാണാതെയായത്. ഖത്തറിലെ സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ ഇയാൾ ജൂലൈ 20 ന് നാട്ടിലേക്ക് വന്നുവെന്നാണ് അറിയാൻ സാധിച്ചത്. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിറ്റേ ദിവസം മലപ്പുറത്ത് നിന്നും എത്തിയ ചിലർ വീട്ടിലെത്തി അനസിനെ അന്വേഷിച്ചുവെന്നാണ് മാതാവ് നാദാപുരം പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
വിദേശത്ത് നിന്നും എത്തുന്നവരെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ തുടർക്കഥയാകുകയാണ്. അടുത്തിടെ പ്രവാസിയായ ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വളയം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പോലീസിൽ പരാതി ലഭിച്ചിരുന്നു. ഇതിനിടെയാണ് നാദാപുരത്തും സമാന സംഭവം ഉണ്ടാകുന്നത്.
അതേസമയം വളയത്ത് നിന്ന് കാണാതെയായ റിജേഷിനെക്കുറിച്ച് പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. പ്രത്യേക സംഘം രൂപീകരിച്ചാണ് സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നത്.