കോമൺവെൽത്ത് ഗെയിംസിൽ മലയാളികൾക്ക് ചരിത്ര നേട്ടം; ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും ഇന്ത്യയിലേയ്ക്ക്

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെ‌ഡൽ കുതിപ്പ് തുടരുന്നു. ട്രിപ്പിൾ ജമ്പിൽ മലയാളി താരങ്ങൾ ആദ്യ രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കി. എൽദോസ് പോൾ സ്വർണവും അബ്‌ദുള്ള അബൂബക്കർ വെള്ളിയും നേടി.

പുരുഷന്മാരുടെ ബോക്‌സിംഗിൽ അമിത് പാംഘൽ സ്വർണം നേടി. 51 കിലോ വിഭാഗത്തിലാണ് പാംഘലിന്റെ നേട്ടം. ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്‌ഡൊണാള്‍ഡിനെയാണ് അമിത് പരാജയപ്പെടുത്തിയത്.

വനിത ബോക്‌സിംഗില്‍ ഇന്ത്യയുടെ നിതു ഗന്‍ഗാസും സ്വര്‍ണം നേടി. 48 കിലോ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 5-0 നാണ് നിതു പരാജയപ്പെടുത്തിയത്.

ബാ‌ഡ്‌മിന്റൺ വനിതാ സിംഗിൾസിൽ പി.വി സിന്ധു മെഡൽ ഉറപ്പിച്ചു. സിംഗപ്പൂർ താരം ജിയ മിൻ യോയെ പരാജയപ്പെടുത്തി ഫെെനലിൽ കടന്നതോടെയാണ് സിന്ധുവിന് മെഡൽ ഉറപ്പായത്. 21-19, 21-17 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ വി‌ജയം. കോമൺവെൽത്ത് ഗെയിംസിൽ മുൻപ് നാല് മെഡലുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്.

ഹോക്കിയിൽ വനിത ടീം വെങ്കല മെഡൽ നേടി. ന്യൂസിലാന്റിനെ ഫെെനലിൽ തോൽപ്പിച്ചാണ് മെഡൽ നേട്ടം. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചു. ഓസ്‌ട്രേലിയയോട് സെമിയിൽ തോറ്റതിന് പിന്നാലെയാണ് വെങ്കല മെഡലിനുള്ള മത്സരത്തിന് ഇന്ത്യ ഇറങ്ങിയത്.