ദേശീയ പാതയിലെ കുഴിയിൽ വീണ് എസ് ഐയ്‌ക്ക് പരിക്ക്

ആലപ്പുഴ: ദേശീയ പാതയിലെ കുഴിയിൽ വീണ് എസ് ഐയ്‌ക്ക് പരിക്ക്. കായംകുളം പ്രിൻസിപ്പൽ എസ് ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. കായംകുളം ദേശീയ പാതയിൽ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം.

ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉദയകുമാർ കൃഷ്ണപുരം പാതയിലെ കെ പി എ സിക്ക് മുന്നിലുള്ള റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. കുഴിയിൽ നിന്ന് എഴുന്നേറ്റെങ്കിലും ക്ഷീണമനുഭവപ്പെട്ടതിനെത്തുടർന്ന്, കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

എസ് ഐയുടെ ശരീരത്തിൽ ചെറിയ പരിക്കുകളുമുണ്ട്. രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. ജില്ലയിൽ തന്നെ റോഡിൽ ഏറ്റവും കൂടുതൽ കുഴികളുള്ള, അപകട മേഖലയാണ് കായംകുളം – കൃഷ്ണപുരം പാത.