ജലീലിന്‍റേത് വിഘടനവാദികളുടെ നിലപാട്; രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഏറ്റെടുത്ത ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ജലീൽ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമാണ്. സർക്കാർ ജലീലിന്റെ രാജി ആവശ്യപ്പെടണമെന്നും വി. മുരളീധരൻ പറഞ്ഞു.

കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിൻ്റെ പ്രഖ്യാപിത നയമാണ്. ആസാദ് കാശ്മീർ എന്ന ജലീലിൻ്റെ പ്രസ്താവന രാജ്യദ്രോഹപരമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ ‘ആസാദ് കാശ്മീര്‍’ എന്ന് വിശേഷിപ്പിച്ച് ജലീല്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് വിവാദമായത്. ഇതേ കുറിപ്പിൽ ജമ്മുവും കശ്മീർ താഴ്‌വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ ‘ഇന്ത്യൻ അധീന കശ്മീരെന്നും’ പരാമർശിക്കുന്നുണ്ട്.

പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനകം രംഗത്ത് വന്നിട്ടുള്ളത്. കെ ടി ജലീല്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരണമാന്നും നടത്തിയിട്ടുമില്ല.