‘ഇന്ത്യൻ അധീന കാശ്മീർ’ എന്ന പ്രയോ​ഗം സിപിഎം നടത്താറില്ല; മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുൻ മന്ത്രി കെ ടി ജലീലിന്റെ വിവാദ പരാമർശം തള്ളി മന്ത്രി എം വി ഗോവിന്ദൻ. ഇന്ത്യൻ അധീന കാശ്മീർ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല. എന്ത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് ജലീൽ തന്നെ വിശദീകരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ‘ഇന്ത്യയെയും കാശ്മീരിനെയും സംബന്ധിച്ച വ്യക്തമായ നിലപാട് പാർട്ടിക്കുണ്ട്. അതല്ലാതെ ആര് പറയുന്നതും പാർട്ടിയുടെ നിലപാടല്ല. കെ ടി ജലീൽ എന്തടിസ്ഥാനത്തിലാണ് ആ പദം ഉപയോഗിച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെ.’- എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം, കെ ടി ജലീലിന്റേത് രാജ്യദ്രോഹപരമായ പരാമർശമാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസും ജലീലിനെ വിമർശിച്ച് രംഗത്തെത്തി. പാക് അധിനിവേശം കാശ്മീരില്‍ മാത്രമല്ല, കെ ടി ജലീലിന്റെ മനസിലും ഉണ്ടായിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ എംഎൽഎയും പ്രതികരിച്ചു. പരാമർശം വിവാദമായതോടെ താൻ ഇൻവെർട്ട‍ഡ് കോമയിൽ നൽകിയ ആസാദ് കാശ്മീ‍ർ പരാമർശം വിമർശകർക്ക് മനസിലായില്ലെന്നായിരുന്നു ജലീലിന്റെ വിശദീകരണം. ജലീലിന്റെ പരാമർശത്തെ പിന്തുണയ്ക്കാതെയായിരുന്നു ഇടത് മന്ത്രിമാരുടെ പ്രതികരണം.