മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി എംഡിഎംഎയുമായി പിടിയിൽ
മലപ്പുറം: ജില്ലയിൽ എം ഡി എം എ യുമായി യുവാവിനെ പിടികൂടി. 20 ഗ്രാം എംഡിഎംഎ യു മായി പാങ്ങ് ചേണ്ടി സ്വദേശി തൈരനിൽ അബ്ദുൾവാഹിദിനെ (29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജില്ലയിൽ യുവാക്കൾക്കിടയിൽ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വർദ്ധിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഈ മേഖലയിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു.
ബെംഗളൂരുവിൽ നിന്നും ഏജന്റുമാർ മുഖേന എംഡിഎംഎ നാട്ടിലെത്തിച്ചാണ് യുവാക്കൾക്കിടയിൽ വിൽപ്പന നടത്തുന്നത്. ഈ സംഘത്തിൽ പെട്ട ചിലർ കഴിഞ്ഞദിവസം പെരിന്തൽമണ്ണയിൽ പോലീസിന്റെ പിടിയിലായിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ പെരിന്തൽമണ്ണ ,കൊളത്തൂർ ടൗണുകളിലും പരിസരങ്ങളിലും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. മാരകശേഷിയുള്ള എംഡിഎംഎ മയക്കുമരുന്നുമായി പെരിന്തൽമണ്ണ പോളിടെക്‌നിക്ക് കോളേജിന് സമീപം വച്ച് അബ്ദുൾ വാഹിദിനെ അറസ്റ്റ് ചെയ്തത്.