ഭരണഘടനാ മൂല്യങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം: മന്ത്രി അബ്ദുറഹിമാന്‍ സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു


മലപ്പുറം: ഭരണഘടന വിഭാവനം ചെയ്ത മൂല്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണമെന്ന് കായിക, ഹജ്ജ്, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യസമരത്തില്‍ ദേശാഭിമാനികള്‍ ഉയര്‍ത്തിയ മൂല്യങ്ങളും അവ ഉള്‍ച്ചേര്‍ന്ന ഭരണഘടനാ തത്വങ്ങളും എത്രത്തോളം ഫലവത്താക്കാന്‍ നമുക്കു കഴിഞ്ഞു എന്ന് പരിശോധിക്കുമ്പോഴാണ് സ്വാതന്ത്രദിനാഘോഷം അര്‍ത്ഥപൂര്‍ണമാവുന്നത്. ഏറ്റവും താഴേക്കിടയിലുള്ള പൗരനില്‍ പോലും, ‘സര്‍ക്കാര്‍ ഒപ്പമുണ്ട്’ എന്ന തോന്നല്‍ ജനിപ്പിക്കുന്നതാകണം സ്വതന്ത്ര രാഷ്ട്രസങ്കല്പം. ജാതിക്കും മതത്തിനും ഭാഷയ്ക്കും അപ്പുറം ജനാധിപത്യബോധത്തോടൊയും സ്വാതന്ത്ര്യദാഹത്തോടെയും ജനങ്ങള്‍ ഒത്തുചേര്‍ന്ന് നേടി തന്നതാണ് സ്വാതന്ത്ര്യം. നമ്മുടെ മൂല്യങ്ങളെ ഗണ്യമായ രീതിയില്‍ തിരികെ പിടിക്കാനുള്ള പ്രതിജ്ഞയാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ നാം എടുക്കേണ്ടതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. വൈജ്ഞാനിക സമൂഹം എന്ന പാതയില്‍ കൂടിയാണ് വികസനത്തിലേക്ക് മുന്നേറേണ്ടത്. ആ വൈജ്ഞാനിക വിപ്ലവത്തില്‍ നിന്നും ഒരു മനുഷ്യനും പിന്തള്ളപ്പെട്ടു പോകാതിരിക്കാനുള്ള ജനകീയ വികസന ബദല്‍ മാതൃകയാണ് സംസ്ഥാനം മുന്നോട്ട് വെക്കുന്നത്. വികസനകാഴ്ചപ്പാടില്‍ മനുഷര്‍ക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ട്. രാജ്യത്തിന് രാഷ്ട്രീയ സുരക്ഷ ഒരുക്കുന്നതു പോലെ പ്രധാനമാണ് ആ രാജ്യത്തെ ജൈവ ഘടനയുടെ സംരക്ഷണവും. നമ്മുടെ സ്വാതന്ത്ര്യത്തെ ഇനിയും അര്‍ത്ഥവത്താക്കാന്‍ എന്തു ചെയ്യാനാകും എന്ന ചിന്തയാണ് നമ്മളെ നയിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.


സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ പുഷ്പ ചക്രം അര്‍പ്പിച്ചതോടെയാണ് ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി റെജില്‍, എസ്. ഹരികുമാര്‍, ടി.മുരളി, എക്‌സ് സര്‍വീസ് ലീഗ് ജില്ലാ പ്രസിഡന്റ് റിട്ട.കേണല്‍ പി.എം ഹമീദ്, സെക്രട്ടറി എം.പി ഗോപിനാഥന്‍, ജന. സെക്രട്ടറി എം.സി പ്രഭാകരന്‍, ജില്ലാ സൈനിക് വെല്‍ഫെയര്‍ ഓഫീസ് ഹെഡ്ക്ലര്‍ക്ക് സി.ജെ ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.
എം.എസ്.പി അസി. കമാണ്ടന്റ് കെ. രാജേഷ് പരേഡ് നയിച്ചു. ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ പി. ബാബു സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. എം.എസ്.പി, ജില്ലാ സിവില്‍ പൊലീസ്, ജില്ലാ പൊലീസ് വനിതാ വിഭാഗം, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് വിഭാഗങ്ങളിലായി 29 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.  ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.
എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, മലപ്പുറം നഗരസഭാദ്ധ്യക്ഷന്‍ മുജീബ് കാടേരി, എം.എസ്.പി കമാണ്ടന്റ് കെ.വി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ 10 വിദ്യാലയങ്ങളില്‍ നിന്നുള്ള 3006 കുട്ടികള്‍ പങ്കെടുത്ത പ്രഭാതഭേരിയും നടന്നു. മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു. പ്രഭാത ഭേരിയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ സ്‌കൂളായി മലപ്പുറം സെന്റ് ജമ്മാസ് എച്ച്.എസ്.എസിനെ തെരഞ്ഞെടുത്തു. യു.പി വിഭാഗത്തില്‍ എ.യു.പി.എസ് മലപ്പുറം, എ.എം.യു.പി മുണ്ടുപറമ്പ് എന്നീ
സ്‌കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളും മേല്‍മുറി എം.എം.ഇ.ടി സ്‌കൂളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിനാണ് ഒന്നാം സ്ഥാനം. ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം രണ്ടാം സ്ഥാനവും നേടി. ബാന്റ് ഡിസ്‌പ്ലേയില്‍ സെന്റ് ജമ്മാസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും എ.യു.പി.എസ് മലപ്പുറം രണ്ടാം സ്ഥാനവും നേടി.


മാര്‍ച്ച് പാസ്റ്റില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരെ ചുവടെ കൊടുക്കുന്നു.
സായുധ സേനാ വിഭാഗം: മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് മലപ്പുറം, ജില്ലാ സിവില്‍ പൊലീസ് മലപ്പുറം.
നിരായുധ സേനാ വിഭാഗം: ഫയര്‍ ആന്റ് റസ്‌ക്യു  ഫോഴ്‌സ്, എക്‌സൈസ് വിഭാഗം
സീനിയര്‍ എന്‍.സി.സി വിഭാഗം: എന്‍.എസ്.എസ് കോളേജ് മഞ്ചേരി, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി.
ജൂനിയര്‍ എന്‍.സി.സി വിഭാഗം: ഗവ. ബോയ്‌സ് എച്ച്.എസ്.എസ് മലപ്പുറം,  എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം.
എസ്.പി.സി ബോയ്‌സ് : എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം, എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ മലപ്പുറം.
എസ്.പി.സി ഗേള്‍സ്: എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം, എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ മലപ്പുറം.
സീനിയര്‍ സ്‌കൗട്ട്‌സ്: എം.എം.ഇ.ടി ഹൈസ്‌കൂള്‍ മേല്‍മുറി, എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം.
സീനിയര്‍ ഗൈഡ്‌സ്: ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം, സെന്റ് ജമ്മാസ് എച്ച്.എസ്.എസ് മലപ്പുറം.
ജൂനിയര്‍ സ്‌കൗട്ട്‌സ്: എ.എം.യു.പി സ്‌കൂള്‍ മുണ്ടുപറമ്പ്, എ.യു.പി. സ്‌കൂള്‍ മലപ്പുറം.
ജൂനിയര്‍ ഗൈഡ്‌സ്: എ.യു.പി സ്‌കൂള്‍ മലപ്പുറം, എ.എം.യു.പി സ്‌കൂള്‍ മുണ്ടുപറമ്പ്
ജൂനിയര്‍ റെഡ്‌ക്രോസ് ബോയ്‌സ്: എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം, എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ മലപ്പുറം.
ജൂനിയര്‍ റെഡ്‌ക്രോസ് ഗേള്‍സ്: സെന്റ് ജമ്മാസ് എച്ച്.എസ്.എസ് മലപ്പുറം, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം.
വ്യാപാര വാണിജ്യ സ്ഥാപന അലങ്കാര വിജയികളായി മലബാര്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ് വാറങ്കോട് ഒന്നാം സ്ഥാനവും ഗള്‍ഫ് കളക്ഷന്‍സ് കോട്ടപ്പടി രണ്ടാം സ്ഥാനവും നേടി.