മലപ്പുറം സ്വദേശി കൊച്ചിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട സംഭവം; അർഷാദ് കൊണ്ടോട്ടിയിലെ ജുവല്ലറി മോഷണ കേസിലെ പ്രതി; കൈവശം എംഡിഎംഎയും കഞ്ചാവും; ലഹരി ഇടപാടിലെ തർക്കത്തിനിടെ സജീവ് കൊല്ലപ്പെട്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ

മലപ്പുറം സ്വദേശി കൊച്ചി ഫ്ലാറ്റിൽ കൊല്ലപ്പെട്ട സംഭവം; അർഷാദ് കൊണ്ടോട്ടിയിലെ ജുവല്ലറി മോഷണ കേസിലെ പ്രതി; കൈവശം എംഡിഎംഎയും കഞ്ചാവും; ലഹരി ഇടപാടിലെ തർക്കത്തിനിടെ സജീവ് കൊല്ലപ്പെട്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ

കൊച്ചി: കൊച്ചിയിലെ കാക്കാനാട്ടെ ഫ്‌ളാറ്റിൽ സജീവ് കൃഷ്ണൻ എന്ന യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച ഫ്ളാറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു. കൊച്ചി നഗരത്തെ ഞെട്ടിച്ച ഫ്‌ളാറ്റ് കൊലപാതകത്തിന്റെ ചുരുളഴിച്ച പൊലീസ് അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് നാഗരാജു മാധ്യമങ്ങളുമായി പങ്കുവെച്ചത്.

ലഹരി മരുന്ന് ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അർഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്നും ഈ ഇടപാടിലെ തർക്കത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നുമാണ് പൊലീസ് മാധ്യമങ്ങളോട് വിശദീകരിച്ചത്. പ്രതി അർഷാദിനെ മഞ്ചേശ്വരത്ത് നിന്നും കാസർകോട് പൊലീസ് പിടികൂടുമ്പോൾ ലഹരി പദാർത്ഥങ്ങളും ബാഗിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷൻ മാധ്യമങ്ങളോട് വിശദീകരിച്ചു. പ്രതി അർഷാദിന് എതിരെ കൊണ്ടോട്ടിയിൽ ഒരു മോഷണകേസ് കൂടിയുണ്ടെന്നും പൊലീസ് അറിയിച്ചു. ജുവല്ലറിയിലെ മോഷണ കേസിലാണ് അർഷാദ് പ്രതിയായിരിക്കുന്നത്.

ഫ്ളാറ്റിൽനിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെടുത്തിട്ടില്ല. എന്നാൽ സംശയകരമായി പലതും തോന്നുണ്ട്. ആളുകൾ സ്ഥിരമായി വന്നുപോകുന്നതിന്റെയും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെയും ലക്ഷണങ്ങൾ ഫ്ളാറ്റിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ ഫ്ളാറ്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ബാൽക്കണിയിൽ പൈപ്പ് ഡക്ടിൽ ഒളിപ്പിച്ചനിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് സജീവിന്റെ സുഹൃത്തും പയ്യോളി സ്വദേശിയുമായ അർഷാദിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകവിവരം പുറത്തറിഞ്ഞതിന് പിന്നാലെ കൊച്ചിയിൽനിന്ന് മുങ്ങിയ അർഷാദിനെ ബുധനാഴ്ച ഉച്ചയോടെ കാസർകോട്ടുനിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അശ്വിന്താണ് പിടിയിലായത്.

അതേസമയം, പിടിയിലായ അർഷാദ് ‘നോർമൽ കണ്ടീഷനിൽ’ അല്ലെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ പ്രതികരണം. ഇയാളെ ചോദ്യംചെയ്യുന്നത് കാസർകോട്ട് തുടരുകയാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഫ്ളാറ്റുകളിലും താമസസ്ഥലങ്ങളിലും സംശയകരമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്ന് റെസിഡൻസ് അസോസിയേഷനുകൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇവിടെ അതുണ്ടായില്ല.

സംഭവസമയത്ത് അല്ലെങ്കിലും കൊലപാതകം നടന്ന ഫ്ളാറ്റിൽ പലരും വരികയും പോവുകയും ചെയ്തിരുന്നു. എന്നാൽ ബന്ധപ്പെട്ടവർ ഇതൊന്നും പൊലീസിനെ അറിയിച്ചില്ല. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ റെസിഡൻസ് അസോസിയേഷനുകൾ പൊലീസിനെ അറിയിക്കണം. അറിയിച്ചാൽ പൊലീസ് നടത്തും. ഇതിലൂടെ കുറ്റകൃത്യങ്ങൾ തടയാനാകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

കൊച്ചിയിൽ മാത്രമല്ല, എല്ലായിടത്തും അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടെന്നും കമ്മീഷണർ പ്രതികരിച്ചു. പൊലീസ് ഇവിടെ സ്ഥിരമായി പട്രോളിങ് നടത്തുന്നുണ്ട്. താമസസ്ഥലങ്ങളിലെ സിസിടിവികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ റെസിഡൻസ് അസോസിയേഷനുകളോട് നേരത്തെ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.