പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മൂന്ന് പേർ കൽപകഞ്ചേരി പോലീസിന്റെ പിടിയിൽ
മലപ്പുറം: 15 കാരനെ പ്രകൃതി വിരുദ്ധ പീഡത്തിനിരയാക്കിയ കേസില്‍ കല്‍പകഞ്ചേരിയില്‍ മൂന്നംഗ സംഘം അറസ്റ്റില്‍. വൈലത്തൂർ കുറ്റിപ്പാല സ്വദേശികളായ കുണ്ടിൽ വീട്ടിൽ മുസ്തഫ, തവരം കുന്നത്ത് റസാഖ്, കുന്നത്തേടത്ത് സമീർ എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറായ മുസ്‌തഫ കുട്ടിയെ ഭീഷണിപ്പെടുത്തി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
പത്താം തരം വിദ്യാർഥി പഠനത്തിൽ പിന്നാക്കം പോയത് രക്ഷിതാക്കളുടേയും അധ്യാപകരുടേയും ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് ചൈൽഡ് ലൈനിൻ്റെ സഹായത്തോടെ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതിൽ നിന്നാണ് നാട്ടുകാരായ മൂന്ന് പേർ തന്നെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയതായി കുട്ടി മൊഴി നൽകിയത്.
തുടർന്ന് ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയിൽ നിന്ന് മൊഴി ശേഖരിച്ച പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.എസ്.ഐ രവി, സി.പി.ഒമാരായ ദേവയനി, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.