കണ്ണൂർ വിസിയുടെ പ്രവർത്തനം പാർട്ടി കേഡറിനെ പോലെ; സംസ്ഥാനത്തെ സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കും; ഗവർണർ
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കാൻ ഉത്തരവിടുമെന്ന് ഗവർണർ. എല്ലാ സർവകലാശാലകളിലും സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിസി നിയമനം പോലും രാഷ്ട്രീയ താത്പര്യമനുസരിച്ചാണ്. ഏറ്റവും താഴെതട്ടു മുതൽ പ്രൊഫസർമാരുടെ നിയമനത്തിൽ വരെ രാഷ്ട്രീയതാത്പര്യത്തിന് വിസിമാർ കൂട്ടു നിൽക്കുകയാണെന്നും ഗവർണർ വിമർശിച്ചു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെ അദ്ദേഹം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഭരണകക്ഷിയുടെ കേഡറെ പോലെയാണ് വിസി പ്രവർത്തിക്കുന്നെന്ന് ഗവർണർ വിമർശിച്ചു. പദവിക്ക് യോജിച്ച രീതിയിലല്ല വിസിയുടെ പ്രവർത്തനം. കണ്ണൂർ സർവകലാശാലയ്ക്ക് പുറമെ കേരളത്തിലെ എല്ലാ സർവകശാലകളിലും കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ പ്രധാനമായും നടന്ന നിയമങ്ങളിൽ എത്ര ബന്ധു നിയമനങ്ങൾ, അവ ഏതൊക്കെ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്രമായി അന്വേഷണം നടത്തുമെന്നാണ് ഗവർണർ വ്യക്തമാക്കിയത്. നിയമനങ്ങളുമായി ബന്ധപ്പെട്ട ചില പരാതികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രിയ വർഗീസിന് അസോ. പ്രൊഫസറാകാനുള്ള യോഗ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിലെഎഡ്യുക്കേഷൻ സിസ്റ്റം മികച്ചതാണെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിലെ മികച്ച വിദ്യാർത്ഥികളൊക്കെ കേരളത്തിന് പുറത്ത് പഠിക്കാനാണ് താത്പര്യപ്പെടുന്നതെന്നും പറഞ്ഞു. ഇതിന് കാരണം കേരളത്തിലെ സർവകലാശാലകളിലെ രാഷ്ട്രീയ ഗൂഢാലോചനകളാണെന്നും ഇതൊരിക്കലും താൻ അനുവദിക്കില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാകേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമിക്കാനുള്ള നടപടികൾ ഗവർണർ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. വിഷയത്തിൽ കണ്ണൂർ വിസിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.