സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ മുഖ്യപ്രതി പിടിയിൽ
കോഴിക്കോട് : രാജ്യദ്രോഹ ഇടപാടുകൾ നടന്നതുമായി ബന്ധപ്പെട്ട കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി പിടിയിൽ. ഒരു വർഷമായി ഒളിവിൽ കഴിഞ്ഞ പിപി ഷബീർ ആണ് പോലീസിന്റെ പിടിയിലായത്. വയനാട്ടിൽ വെച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കായി നേരത്തെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഷമീർ എന്ന വ്യാജ പേരിൽ വയനാട് പൊഴുതനയിലെ റിസോർട്ടിൽ എത്തിയതായിരുന്നു ഷബീർ. ഇതറിഞ്ഞ പോലീസ് പൊഴുതന-കുറിച്യാർമല റോഡ് ജങ്ഷനിൽവെച്ച് ഇയാളുടെ വാഹനം തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു. കേസിലെ നാല് മുഖ്യപ്രതികൾ നാല് വർഷമായി ഒളിവിൽ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതികളുടെ അക്കൗണ്ടിലേക്ക് 46 കോടി രൂപ എത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ചാലപ്പുറം പുത്തൻപീടിയേക്കൽ പിപി ഷബീർ, മലപ്പുറം കുട്ടശ്ശേരി സ്വദേശി നിയാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് പണം വന്നത്. പിടികൂടിയ പ്രതിയുടെ സഹോദരനും മകനുമെല്ലാം കേസിലെ പ്രതികളാണ്. ഭീകര പ്രവർത്തനങ്ങൾക്കായി പാകിസ്താനിലേക്ക് ഉൾപ്പെടെ ഇവർ ഫോൺ സന്ദേശമയച്ചു എന്നാണ് കണ്ടെത്തൽ.