കരിപ്പൂരിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ സ്വർണവേട്ട. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിലായി. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസാണ് പിടിയിലായത്.

ഷാർജയിൽനിന്നുള്ള വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. തുടർന്ന് കസ്റ്റംസിന്റെ പരിശോധനയിൽ ഇയാൾ ധരിച്ച ടീഷർട്ട്, പാന്റ്സ്, അടിവസ്ത്രം എന്നിവയിൽനിന്ന് സ്വർണം കണ്ടെടുക്കുകയായിരുന്നു. വസ്ത്രങ്ങളിൽ രഹസ്യ അറകളുണ്ടാക്കിയാണ് സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചിരുന്നത്.

കഴിഞ്ഞദിവസം സമാനമായരീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച ഒരാളെ പോലീസ് സംഘം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടികൂടിയിരുന്നു. സ്വർണമിശ്രിതം പാന്റ്സിൽ തേച്ച് പിടിപ്പിച്ച് കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി ഇസ്സുദ്ദീനാണ് പോലീസിന്റെ പിടിയിലായത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതോടെയാണ് സ്വർണം കണ്ടെടുത്തത്.
